
മുംബൈ: വായ്പാ തട്ടിപ്പ് കേസിൽ അനിൽ അംബാനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്‌ബിഐ) 2,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) പ്രൊമോട്ടർ ഡയറക്ടർ അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്.
വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം ഇഡി അനിൽ അംബാനിയെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് സിബിഐ റെയ്ഡ്. രാവിലെ ഏഴ് മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. മുംബൈയിലെ പല സ്ഥലങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫ്രോഡ് റിസ്ക് മാനേജ്‌മെന്റിനെക്കുറിച്ചുള്ള മാസ്റ്റർ നിർദേശങ്ങളും, ഫ്രോഡ് റിപ്പോർട്ടിംഗ് & മാനേജ്‌മെന്റ് എന്നിവയിലെ ബാങ്ക് ബോർഡ് അംഗീകരിച്ച നയവും അനുസരിച്ച്, ജൂൺ 13-ന് എസ്‌ബിഐ ആർകോമിനെയും അനിൽ അംബാനിയെയും 'ഫ്രോഡ്' വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. വായ്പകളുടെ വിനിയോഗത്തിൽ വ്യതിയാനം കണ്ടെത്തിയതായി എസ്ബിഐ ആർകോമിന് അയച്ച കത്തിൽ പറയുന്നുണ്ട്.
"കാരണം കാണിക്കൽ നോട്ടീസിന് ലഭിച്ച മറുപടികൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവ കൃത്യമായി പരിശോധിച്ച ശേഷം, വായ്പാ രേഖകളുടെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിനു, ബാങ്കിന്റെ തൃപ്തികരമായ വിധത്തിൽ ആർസിഎല്ലിൻ്റെ അക്കൗണ്ട് നടത്തുന്നതിൽ കണ്ടെത്തിയ ക്രമക്കേടുകൾക്കു വിശദീകരണം നൽകാൻ പ്രതിഭാഗം മതിയായ കാരണങ്ങൾ നൽകിയിട്ടില്ലെന്ന നിഗമനത്തിലെത്തിച്ചേർന്നു," കത്തിൽ പറയുന്നു.
കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് സിബിഐ റെയ്ഡ്. യെസ് ബാങ്കിൽ നിന്നും 3,000 കോടി രൂപയുടെ വായ്പ തെറ്റായി വകമാറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റിലയൻസ് കമ്മ്യൂണിക്കേഷൻസും 14,000 കോടി രൂപയുടെ സമാനമായ തട്ടിപ്പ് നടത്തിയതായി ആരോപണമുണ്ട്.