

ന്യൂഡല്‍ഹി: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ്‌യെ സിബിഐ ഇന്നും ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് സിബിഐ ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്യുന്നത്.
രണ്ടാംവട്ട ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പതിനൊന്നു മണിയോടെ വിജയ് സിബിഐ ആസ്ഥാനത്ത് എത്തി. ജനുവരി 12 നായിരുന്നു ഇതിനു മുമ്പ് നടനെ ചോദ്യം ചെയ്തത്. അന്ന് ആറ് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടുനിന്നത്.
രണ്ടാംവട്ട ചോദ്യം ചെയ്യലില്‍ കരൂരിലെ പരിപാടിക്ക് വിജയ് എത്താന്‍ വൈകിയതില്‍ സിബിഐ കൂടുതല്‍ വ്യക്തത തേടാന്‍ സാധ്യതയുണ്ട്. നിശ്ചയിച്ച സമയത്തേക്കാള്‍ ഏഴ് മണിക്കൂര്‍ വൈകിയാണ് വിജയ് കരൂരില്‍ എത്തിയത്. വിജയ് എത്താന്‍ വൈകിയത് മൂലം കൂടുതല്‍ ജനങ്ങള്‍ കൂട്ടമായി സ്ഥലത്തെത്തിയെന്നാണ് ആരോപണം. പതിനായിരം പേര്‍ വരുമെന്ന് നിശ്ചയിച്ച പരിപാടിയില്‍ എത്തിയത് 30,000 ല്‍ അധികം പേരായിരുന്നു. എണ്ണത്തിലുണ്ടായ വര്‍ധനവ് നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടതിലേക്ക് നയിച്ചതായും ഇത് തിക്കിലും തിരക്കിലും കലാശിച്ചതായും കരുതപ്പെടുന്നു.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍, ജനക്കൂട്ടത്തിന്റെ തിരക്കിന് കാരണമായ സംഭവങ്ങളെക്കുറിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ ചോദിച്ചത് എന്നാണ് സൂചന. എഴുതി തയ്യാറാക്കിയ 90 ചോദ്യങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പരിപാടിയുടെ അനുമതിയെ കുറിച്ചും റാലി സംഘടിപ്പിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കായിരുന്നു എന്നതിനെ കുറിച്ചും വ്യക്തത ലഭിക്കാന്‍ അനുമതിയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പരിപാടിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും പങ്കാളികളായവരെ കണ്ടെത്താന്‍ ടിവികെയുടെ ആഭ്യന്തര ഘടനയെക്കുറിച്ച് വിശദമായ അന്വേഷണവും നടക്കുന്നുണ്ട്. കരൂരില്‍ റാലി നടത്താന്‍ തീരുമാനിച്ചത് ആരാണെന്നും, പരിപാടിയുടെ വിശദാംശങ്ങളെക്കുറിച്ച് വിജയിനെ എപ്പോള്‍ അറിയിച്ചു എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം, അന്വേഷണത്തില്‍ ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടെ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് സൂചന. തമിഴ്‌നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരേയും വിജയിയെയും പ്രതി ചേര്‍ത്തായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യ വകുപ്പാകും ചുമത്തുക.
വിജയ്‌യുടെ മേല്‍ കുറ്റം ആരോപിച്ചാണ് തമിഴ്‌നാട് പൊലീസിന്റെ മൊഴി. റാലിയില്‍ വന്‍ ജനപങ്കാളിത്തമുണ്ടാകുമെന്ന് ടിവികെ നേതാക്കള്‍ അറിയിച്ചില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സിബിഐയോട് പറഞ്ഞത്. മുപ്പതിനായിരത്തിലധികം പേര്‍ എത്തിയതാണ് 41 പേരുടെ മരണത്തിനും അമ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായത്.