ഡൽഹി: കരൂർ ദുരന്തത്തിൽ നടനും ടിവികെ നേതാവുമായ വിജയ്‌യെ പ്രതിചേർത്തേക്കും. മനപ്പൂർവ്വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തുമെന്നാണ് സൂചന. കേസിൽ ഫെബ്രുവരി രണ്ടാംവാരത്തോടെ സിബിഐ കുറ്റപത്രം സമർപ്പിക്കും. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷം ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് നിന്ന് വിജയ് മടങ്ങി. കേസിൽ വിജയ്ക്ക് എതിരെയാണ് തമിഴ്നാട് പൊലീസിന്റെ മൊഴി.
ആൾക്കൂട്ട ദുരന്തത്തിൽ പ്രാദേശിക ഭരണകൂടത്തിന് വീഴ്ചയുണ്ടായെന്നും, തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്തം ഇല്ലെന്നുമാണ് വിജയ്‌യുടെ നിലപാട്. എന്നാൽ കേസിൽ വിജയ്ക്കെതിരെയാണ് തമിഴ്നാട് പൊലീസ് മൊഴി നൽകിയത്. റാലിയില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന് ടിവികെ അറിയിച്ചില്ല. 30,000ലധികം പേര്‍ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സിബിഐക്ക് നൽകിയ മൊഴി.
പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിജയിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടും. ടിവികെ നേതാക്കളുടെ മൊഴിയും വിജയ്‌യുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടോയെന്നും സിബിഐ പരിശോധിക്കും. ഫെബ്രുവരി രണ്ടാംവാരത്തോടെ കേസിൽ കുറ്റപത്രം സമർപ്പിക്കും.
ജനുവരി 12-നാണ് വിജയ് ആദ്യഘട്ട ചോദ്യം ചെയ്യലിനായി സിബിഐക്ക് മുന്നിൽ ഹാജരായത്. 13 ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പൊങ്കൽ ആഘോഷം കണക്കിലെടുത്ത് മറ്റൊരു ദിവസം എത്താമെന്ന അഭ്യർഥനയെ തുടർന്ന് ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ 6 മണിക്കൂറോളമാണ് വിജയ്‌യെ സിബിഐ ചോദ്യം ചെയ്തത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ട്രാക്ക് മാറുമോ എന്നാണ് ടിവികെ പ്രവർത്തകരുടെ ആശങ്ക. ഡിഎംകെ വിരുദ്ധ ചേരിയിലെ ടിവികെ വോട്ടുകൾ ലക്ഷ്യം വെക്കുന്ന ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സമ്മർദതന്ത്രം പയറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.