

ന്യൂഡൽഹി: വിമാനത്താവളങ്ങളിലെ സമീപകാല പ്രതിസന്ധിയിൽ ഇൻഡിഗോയ്‌ക്കെതിരെ കർശന നടപടിയെടുക്കുവാനൊരുങ്ങി ഡിജിസിഎ. ഇൻഡിഗോയുടെ അഞ്ച് ശതമാനം റൂട്ടുകൾ വെട്ടിക്കുറയ്ക്കുമെന്ന് ഡിജിസിഎ അറിയിച്ചു. മാതൃകാപരമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്ക് ശേഷമാണ് നടപടി.
നിലവിൽ 2,200 വിമാനങ്ങൾ സർവീസ് നടത്തുന്ന ഇൻഡിഗോയുടെ റൂട്ടുകൾ വെട്ടിക്കുറയ്ക്കുമെന്നും അത് മറ്റ് കമ്പനികൾക്ക് നൽകുമെന്നും വ്യോമായാന മന്ത്രി കെ.റാം മോഹൻ നായിഡു വ്യക്തമാക്കി. പ്രതിദിനം ഏകദേശം 2,200 വിമാന സർവീസുകൾ നടത്തുന്ന ഇൻഡിഗോയുടെ 115 വിമാന സർവീസുകൾ കുറയ്ക്കാനാണ് തീരുമാനം. തീരുമാനം എയർലൈനിനെ അറിയിച്ചതായും വെട്ടിക്കുറയ്ക്കുന്ന വിമാനങ്ങളുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും അധികൃതർ അറിയിച്ചു.
ഇൻഡിഗോ പ്രതിസന്ധിയെ തുടർന്ന് ഡിസംബർ ഒന്നിനും ഡിസംബർ 8നും ഇടയിൽ റദ്ദാക്കിയ വിമാനങ്ങളുടെ 745 കോടി രൂപ റീഫണ്ട് ചെയ്തതായി മന്ത്രി അറിയിച്ചു. പുതിയ യാത്രക്കാരുടെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതിനുശേഷം ഇൻഡിഗോയിലുണ്ടായ ആഭ്യന്തര പ്രതിസന്ധിയുടെ ഫലമായാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതെന്ന് നായിഡു ഇന്നലെ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു.
'പൈലറ്റുമാരെയും ,ജീവനക്കാരെയും യാത്രക്കാരെയും ഞങ്ങൾ പരിഗണിക്കുന്നുണ്ട്. എല്ലാ വിമാനക്കമ്പനികളോടും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇൻഡിഗോയാണ് ജീവനക്കാരെയും പട്ടികയും കൈകാര്യം ചെയ്യേണ്ടിയിരുന്നത്. യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടു.സ്ഥിതിഗതികളെ നിസാരമായി കാണുന്നില്ല. കർശന നടപടിയെടുക്കും. എല്ലാ എയർലൈനുകൾക്കും ഞങ്ങൾ ഒരു മാതൃക സൃഷ്ടിക്കും. എന്തെങ്കിലും നിയമലംഘനം ഉണ്ടായാൽ, ഞങ്ങൾ നടപടിയെടുക്കും' അദ്ദേഹം സഭയിൽ വ്യക്തമാക്കി.
നൂറുകണക്കിന് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിൽ നിരവധി ദിവസങ്ങളായി അരാജകത്വവും ആശയക്കുഴപ്പവും തുടർന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.
രണ്ട് വർഷം മുമ്പ് സർക്കാർ പ്രഖ്യാപിച്ച പുതിയ വിമാന സുരക്ഷാ നിയമങ്ങളായിരുന്നു കുഴപ്പങ്ങളുടെ കേന്ദ്രബിന്ദു. പൈലറ്റുമാരുടെ വിശ്രമ സമയം കൂട്ടിയത് എണ്ണത്തെ ബാധിച്ചതോടെയാണ് ഇൻഡിഗോയിൽ പ്രതിസന്ധിയുണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പുതിയ മാനദണ്ഡങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തിയിട്ടുണ്ട്.