
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന അവശ്യ വ്യവസ്ഥ പാലിക്കാത്ത രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത പാർട്ടികളെ ഒഴിവാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തെ 334 പാർട്ടികളെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. കേരളത്തിലെ ഏഴ് പാർട്ടികളെയും നിർജീവമാണെന്ന് കാട്ടി ഒഴിവാക്കി.
നിലവില്‍ രാജ്യത്തുള്ളത് ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളുമാണ് . ബിജെപി, കോൺഗ്രസ്, സിപിഐഎം, ബിഎസ്പി, എഎപി, എൻപിപി എന്നിവയാണ് ദേശീയ കക്ഷികൾ. കേരളത്തില്‍ നിന്നുള്ള ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, എൻഡിപി സെക്കുലർ, ആർഎസ്‌പി (മാർക്സിസ്റ്റ്), ആർഎസ്പി (ബോള്‍ഷെവിക്ക്), നേതാജി ആദർശ് പാർട്ടി, സെക്യുലർ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാർട്ടി എന്നിവയെയാണ് ഒഴിവാക്കിയത്.
2025 ജൂണിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാർട്ടികളെ ഒഴിവാക്കാനുള്ള ശ്രമം തുടങ്ങിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെ 29 എ വകുപ്പ് പ്രകാരമാണ് ഒഴിവാക്കല്‍ നടപടി. 2019ന് ശേഷം കഴിഞ്ഞ ആറുവർഷത്തിനിടെ ഒരു തെരഞ്ഞെടുപ്പിലെങ്കിലും മത്സരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്ത രാഷ്ട്രീയ പാർട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്.
പട്ടികയിൽ നിന്ന് ഒഴിവാക്കിയ പാർട്ടികൾക്ക് ജനപ്രാതിനിധ്യ നിയമ പ്രകാരം ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ ഇനി ലഭിക്കില്ല. ഈ പാർട്ടികളുടെ ഓഫീസുകള്‍ രാജ്യത്ത് എവിടെയും സ്ഥാപിക്കാൻ പാടില്ല. 1961ലെ ആദായനികുതി നിയമം, 1968ലെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ (സംവരണം, വിതരണം) ഉത്തരവ് എന്നിവയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളും ലഭിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിൽ അതൃപ്തിയുള്ള പാർട്ടികൾക്ക് 30 ദിവസത്തിനുള്ളിൽ കമ്മീഷന് അപ്പീൽ നൽകാവുന്നതാണ്. 334 പാർട്ടികളെ ഒഴിവാക്കിയതോടെ 2520 രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത പാർട്ടികളാണ് ഇനി നിലവിലുള്ളത്.