

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ കുടുങ്ങിയെന്ന് സംശയിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിക്കായി അന്വേഷണം ആരംഭിച്ച് കേന്ദ്രം. തന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പറഞ്ഞ് യുപി സ്വദേശി പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഇടപെടല്‍. ഇയാളെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും തൊഴിലുടമയെ ബന്ധപ്പെടാന്‍ കഴിയാത്തത് പ്രതിസന്ധിയാണെന്നും റിയാദിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നിന്നുമാണ് താന്‍ വരുന്നതെന്നുമാണ് യുവാവ് വീഡിയോയില്‍ പറഞ്ഞിരുന്നത്. തനിക്ക് ജോലി നല്‍കിയ കപില്‍ എന്നയാള്‍ തന്റെ പാസ്‌പോര്‍ട്ട് അടക്കം പിടിച്ചുവച്ചിരിക്കുകയാണെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും യുവാവ് വീഡിയോയിലൂടെ പറഞ്ഞിരുന്നു.
തന്നെ വീട്ടിലേക്ക് എത്തിക്കണമെന്ന് വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് യുവാവ് അഭ്യര്‍ഥിക്കുന്നുമുണ്ട്. തന്നെ സഹായിക്കണമെന്നും ഇല്ലെങ്കില്‍ താന്‍ മരിച്ചു പോകുമെന്നും യുവാവ് പറയുന്നുണ്ട്. പിന്നാലെ വീഡിയോ വൈറല്‍ ആയി. ഈ വീഡിയോ ക്രിമിനല്‍ അഭിഭാഷകയായ കല്‍പ്പന ശ്രീവാസ്തവ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ടാഗ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
'എന്റെ ഗ്രാമം അലഹബാദിലാണ്. സൗദിയിലെത്തിയതാണ്. കപിലിന്റെ കയ്യിലാണ് എന്റെ പാസ്‌പോര്‍ട്ട്. വീട്ടില്‍ പോകണമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്നെ കൊല്ലണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ്. എനിക്ക് എന്റെ അമ്മയുടെ അടുത്ത് പോകണം,' എന്നാണ് യുവാവ് വീഡിയോയില്‍ പറയുന്നത്.
ഈ വീഡിയോ പങ്കുവയ്ക്കൂ എന്നും എന്നാലെങ്കിലും തനിക്ക് വീട്ടിലേക്ക് തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുവാവ് പറയുന്നു.