ഡൽഹി: രാജ്യതലസ്ഥാനത്തെ ജനനിബിഡമാക്കി 'ഇന്ത്യ' സഖ്യത്തിൻ്റെ 'ചലോ ദില്ലി' മഹാറാലി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്ന് തുറന്ന വാഹനത്തിലാണ് രാഹുൽ ഗാന്ധിയുടെയും മറ്റ് മുതിർന്ന നേതാക്കളുടെയും നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലേക്ക് മാർച്ച് ആരംഭിച്ചത്. തുടർന്ന് കൊണാട്ട് പ്ലേസിൽ നിന്ന് മഹാറാലി രൂപപ്പെട്ട് രാംലീല മൈതാനത്തേക്ക് ജനങ്ങൾ ഒഴുകിയെത്തുകയായിരുന്നു. ലക്ഷക്കണക്കിന് പേർ തെരുവിലേക്ക് ഇറങ്ങിയതോടെ കനത്ത സുരക്ഷാ വലയമാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയത്.
സോണിയ ഗാന്ധി, മമത ബാനർജി, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എം.എ. ബേബി, ഫാറുഖ് അബ്ദുള്ള, സുപ്രിയ സുലെ, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ പ്രധാന നേതാക്കളെല്ലാം വേദിയിൽ അണിനിരന്നു. അവരുടെ വാക്കുകൾ കേൾക്കാനായി ദേശീയപതാകയുമേന്തി ജനലക്ഷങ്ങളാണ് മൈതാനിയിൽ തടിച്ചുകൂടി നിൽക്കുന്നത്.