ബിഹാറില്‍ തോറ്റത് ഏത് തന്ത്രം? കന്നി തെരഞ്ഞെടുപ്പില്‍ പിഴച്ച് പ്രശാന്ത് കിഷോര്‍, നേട്ടമുണ്ടാക്കാനാകാതെ ജന്‍ സുരാജ് പാര്‍ട്ടി

തുടർച്ചയായ വിജയം മാത്രം ലക്ഷ്യമിട്ട് പദ്ധതികളൊരുക്കിയിരുന്ന പ്രശാന്ത് കിഷോറിന് പിഴച്ചത് ഒരിക്കൽ മാത്രമാണ്
ബിഹാറില്‍ തോറ്റത് ഏത് തന്ത്രം? കന്നി തെരഞ്ഞെടുപ്പില്‍ പിഴച്ച് പ്രശാന്ത് കിഷോര്‍, നേട്ടമുണ്ടാക്കാനാകാതെ ജന്‍ സുരാജ് പാര്‍ട്ടി
Published on

2012 ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ഭരണത്തിലെത്തിച്ച കൂർമ്മബുദ്ധി, പിന്നാലെ 2014ൽ എൻഡിഎയുടെ നിർണായക വിജയത്തിന് ചുക്കാൻ പിടിച്ചതോടെയാണ് പ്രശാന്ത് കിഷോർ ഇന്ത്യയിലെ രാഷ്ട്രീയ തന്ത്രജ്ഞതയുടെ ബ്രാൻഡ് ആയി മാറുന്നത്. പക്ഷേ ബിജെപിയുടെ കളത്തിലൊതുങ്ങിയില്ല പ്രശാന്ത് കിഷോർ. പ്രത്യേക പ്രത്യയശാസ്ത്രത്തിൻ്റെ അകമ്പടിയില്ലാത്തതുകൊണ്ടു തന്നെ പിന്നീടങ്ങോട്ട് പല തെരഞ്ഞെടുപ്പുകളിലും പല പാർട്ടികൾ മാറി സേവനം. പലയിടങ്ങളിലും പയറ്റിയത് പല സ്ട്രാറ്റജികൾ. ഇവയെല്ലാം ഫലം കാണുകയും ചെയ്തു.

ബിഹാറിൽ നിതീഷ് കുമാറിനൊപ്പം ചേർന്ന് മഹാഗഢ്ബന്ധൻ സഖ്യത്തിന് രൂപം നൽകാനുള്ള ഉപദേശം നൽകിയതും പ്രശാന്ത് തന്നെ. രാഷ്ട്രീയ തന്ത്രങ്ങൾ അവിടെയും ഫലം കാണാതിരുന്നില്ല. മഹാഗഢ്ബന്ധൻ വിജയം നേടുകയും നിതീഷ് വീണ്ടും അധികാര കസേരയിലേറുകയും ചെയ്തു. തുടർച്ചയായ വിജയം മാത്രം ലക്ഷ്യമിട്ട് പദ്ധതികളൊരുക്കിയിരുന്ന പ്രശാന്ത് കിഷോറിന് പിഴച്ചത് ഒരിക്കൽ മാത്രമാണ്. 2017ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ജയിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും അടിതെറ്റി. ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതും രാഹുൽ ഗാന്ധിയെ പ്രചാരണത്തിന് കൂടുതൽ ഉപയോഗിച്ചതടക്കമുള്ള തന്ത്രങ്ങൾ ഫലം കണ്ടില്ല.

ബിഹാറില്‍ തോറ്റത് ഏത് തന്ത്രം? കന്നി തെരഞ്ഞെടുപ്പില്‍ പിഴച്ച് പ്രശാന്ത് കിഷോര്‍, നേട്ടമുണ്ടാക്കാനാകാതെ ജന്‍ സുരാജ് പാര്‍ട്ടി
അവിടെ വോട്ടെണ്ണൽ, ഇവിടെ ജിലേബി എണ്ണൽ; ആഘോഷത്തിമിർപ്പിൽ ഡൽഹിയിലെ ബിജെപി ആസ്ഥാനം

പിന്നീട് 2019 ലെ ആന്ധ്രാപ്രദേശ് തെരഞ്ഞെടുപ്പിൽ ജഗൻ മോഹൻ റെഡ്ഡി സർക്കാരിനെ അധികാരത്തിലേറ്റിയ പ്രശാന്തിൻ്റെ തന്ത്രം, 2020 ൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിയെയും സഹായിച്ചു. 2018-ൽ, നിതീഷ് കുമാറിൻ്റെ ജെഡിയുവിൽ വൈസ് പ്രസിഡൻ്റായി ചേർന്നുകൊണ്ട് കിഷോർ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചെങ്കിലും രണ്ട് വർഷത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി.

2021-ൽ, പ്രശാന്ത് കിഷോർ വീണ്ടും മുഴുവൻ സമയ രാഷ്ട്രീയ ഉപദേശകനായി മാറി. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് വേണ്ടിയും തമിഴ്നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിനായും (ഡിഎംകെ ) പ്രവർത്തിച്ചു. രണ്ട് സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.

ആരാണ് പ്രശാന്ത് കിഷോർ?

1977 ൽ ബീഹാറിലെ റോഹ്താസ് ജില്ലയിലെ കൊണാർ ഗ്രാമത്തിലാണ് പ്രശാന്ത് കിഷോറിൻ്റെ ജനനം. പിന്നീട് സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കാൻ അദ്ദേഹം ബക്സറിലേക്ക് മാറി.പിന്നീട് ഹൈദരാബാദിൽ എഞ്ചിനീയറിംഗ് പഠനം. അതിനു ശേഷം പൊതുജനാരോഗ്യ മേഖളയിലെത്തിയ പ്രശാന്ത് ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു പൊതുജനാരോഗ്യ പരിപാടിയുടെ ഭാഗമായി.

ഒരു പരസ്യ ഏജൻസിയിൽ പോലും പ്രവർത്തിച്ച് പരിചയം ഇല്ലാതിരുന്നിട്ടും 2011 ൽ ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ തെരഞ്ഞെടുപ്പ് പദ്ധതിയുടെ ഭാഗമായി. മോദിയേയും പാർട്ടിയേയും വീണ്ടും ഭരണത്തിലേറ്റുന്നതിന് പിന്നിലെ പ്രധാന തന്ത്രങ്ങളുടെ ഉറവിടം അവിടെ നിന്നായിരുന്നു. പ്രശാന്ത് കിഷോറിൻ്റെ രാഷ്ട്രീയ യാത്രയുടെ തുടക്കമായിരുന്നു അത്.

2012ലെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിറ്റിസൺസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ് (സിഎജി) എന്ന സംഘടന രൂപീകരിച്ചു. ചായ് പേ ചർച്ചയും, ത്രീ ഡി റാലി, റൺ ഫോർ യൂണിറ്റിയുമടക്കമുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ അന്ന് ബിജെപിയുടെ വിജയത്തിൽ നിർണായകമായിരുന്നു.

ബിഹാറില്‍ തോറ്റത് ഏത് തന്ത്രം? കന്നി തെരഞ്ഞെടുപ്പില്‍ പിഴച്ച് പ്രശാന്ത് കിഷോര്‍, നേട്ടമുണ്ടാക്കാനാകാതെ ജന്‍ സുരാജ് പാര്‍ട്ടി
മാസ്‌ക് മാറ്റാനാകാതെ... കറുത്ത വസ്ത്രവും മാസ്‌കുമണിഞ്ഞ് തെരഞ്ഞെടുപ്പിനിറങ്ങിയ പുഷ്പം പ്രിയ തോല്‍വിയിലേക്ക്

രാഷ്ട്രീയത്തിലേക്ക്..

2021 മെയിൽ കോൺഗ്രസ് പ്രവേശനം ലക്ഷ്യമിട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും കോൺഗ്രസിൽ തന്നെ ഈ വിഷയത്തിൽ വിരുദ്ധാഭിപ്രായങ്ങൾ ഉയർന്നു വരികയും പ്രശാന്തിനെ കോൺഗ്രസുമായി സഹകരിപ്പിക്കുവാനുള്ള നീക്കം പരാജയപ്പെടുകയും ചെയ്തു. പിന്നീട് തമിഴ്നാട്ടിലും ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയക്കൊടി പാറിച്ച ശേഷം തെരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ നിന്ന് ഒരു ഇടവേള എടുക്കുകയാണെന്ന് കിഷോർ പ്രഖ്യാപിച്ചു. ഒരിടവേള എടുത്ത് ജീവിതത്തിൽ മറ്റെന്തെങ്കിലും ചെയ്യാൻ സമയമായെന്നും ഈ മേഖല ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു പ്രശാന്തിൻ്റെ വാക്കുകൾ.

പിന്നീട് ,2024-ൽ, "ജൻ സുരാജ്" എന്ന പേരിൽ ഒരു രാഷ്ട്രീയ പാർട്ടി ആരംഭിക്കാനുള്ള പദ്ധതികൾ കിഷോർ പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് അദ്ദേഹം ബിഹാറിലുടനീളം "ജൻ സുരാജ് പദയാത്ര" എന്ന പേരിൽ 3,000 കിലോമീറ്റർ പദയാത്ര ആരംഭിച്ചു. പിന്നീട് 2024 ഒക്ടോബർ 2-ന് കിഷോർ ജൻ സുരാജ് പാർട്ടി ഔദ്യോഗികമായി ആരംഭിച്ചു.

ബിഹാറിൽ പരാജയപ്പെട്ട ചാണക്യ തന്ത്രം

ഇത്തവണ ബിഹാർ തെരഞ്ഞെടുപ്പിൽ 243 സീറ്റുകളിൽ 239 സീറ്റുകളിലും ജൻ സുരാജ് പാർട്ടി മത്സരിച്ചുവെങ്കിലും ഒരു സീറ്റിൽ പോലും ജയിക്കാനാവാതെ ദയനീയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മത്സര രംഗത്തു നിന്നും മാറിനിന്ന് സ്വന്തം പാർട്ടിയെ ജയിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞുവെങ്കിലും ഒന്നും ഫലം കാണാതെ പോയി. അതേസമയം, എക്സിറ്റ് പോളിനേയും കടത്തിവെട്ടിയ വിജയത്തിലേക്ക് എൻഡിഎ കുതിക്കുമ്പോൾ ചോദ്യങ്ങള്‍ ഏറെയുണ്ട്. മഹാസഖ്യത്തിന്റെ വോട്ടുകള്‍ ചിതറിക്കുക മാത്രമായിരുന്നോ പ്രശാന്തിന്റെ ലക്ഷ്യം? അങ്ങനെ വന്നാല്‍ അതിന്റെ നേട്ടം എന്‍ഡിഎയ്ക്ക് ആയിരിക്കുമെന്ന് പ്രശാന്തിനെ ആരും പറഞ്ഞ് മനസിലാക്കേണ്ടതുമില്ല. അപ്പോള്‍ കന്നി തെരഞ്ഞെടുപ്പില്‍ വിജയത്തേക്കാള്‍ മറ്റെന്തെങ്കിലും ആയിരുന്നോ പ്രശാന്തിന്റെ ലക്ഷ്യമെന്ന സംശയവും പല കോണില്‍ നിന്നുയര്‍ന്നിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com