
കോൺഗ്രസിനെയും കന്യാസ്ത്രീകളെയും പരിഹസിച്ച് ഛത്തീസ്ഗഡ് ബിജെപി. മനുഷ്യക്കടത്ത് നടത്തുന്നവരെയും മതപരിവർത്തകരെയും പിന്തുണയ്ക്കുന്നവരാണ് കോൺഗ്രസ് എന്നാണ് പരിഹാസം. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പരിഹസിച്ചത്.
രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും കന്യാസ്ത്രീകളുടെ കാലിൽ വീഴുന്നതായിരുന്നു ചിത്രം. കന്യാസ്ത്രീകൾ പെൺകുട്ടികളെ കയറിൽ കെട്ടി കൊണ്ടു പോകുന്നതുപോലെയും ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിൽ എത്താൻ ഇരിക്കെയാണ് ഇത്തരത്തിലൊരു സംഭവം. പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.
അതേസമയം, ബജ്‌രംഗ്ദൾ നേതാവ് ജ്യേതി ശർമ്മയ്‌ക്കെതിരെ പരാതി നൽകി കന്യാസ്ത്രീകളുടെ കൂടെയുള്ള പെൺകുട്ടികൾ. ബജ്റംഗ്ദൾ പ്രവർത്തകർ മർദിച്ചെന്നും പെൺകുട്ടികൾ മൊഴി നൽകി. കമലേശ്വരി പ്രധാൻ അടക്കം മൂന്ന് പെൺകുട്ടികളാണ് നാരയൺപൂർ പൊലീസിൽ പരാതി നൽകിയത്.
അതേസമയം, ഒൻപത് ദിവസത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യമനുവദിച്ചു. ബിലാസ്പൂർ എൻഐഎ കോടതിയാണ് നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് ഛത്തീസ്ഗഡ് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ജാമ്യമനുവദിച്ചത്.