
ഛത്തീസ്ഗഡ്: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ജയിലുകളില്‍ ഒന്നാണ് ദുർഗ് സെൻട്രൽ ജയിൽ. കേരളീയർ ഈ പേര് ആദ്യമായി കേള്‍ക്കുന്നത് മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ടാണ്. ഇവിടെയാണ് ഒന്‍പത് ദിവസം അവരെ തടങ്കലില്‍ പാർപ്പിച്ചിരുന്നത്.
തലസ്ഥാനമായ റായ്പൂരിൽ നിന്നും 46 കിലോമീറ്റർ അകലെയുള്ള ദുർഗിലെ ജയിലിൽ ആയിരത്തി അഞ്ഞൂറോളം തടവുകാരാണുള്ളത്. ഒപ്പം മുന്നൂറോളം പശുക്കളും. ജയിലിനൊപ്പം വലിയൊരു ഡെയറി ഫാം കൂടിയാണ് ദുർഗിലെ ഈ തടവറ.
വനിത ജയിലും പുരുഷ ജയിലും ഇതേ കൊമ്പൗണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഒരുഭാഗത്ത് 1200 പുരുഷ തടവുകാരും 200ൽ താഴെ വനിതാ തടവുകാരുമാണുള്ളത്. ഇതിൽ എണ്ണൂറിലേറെ പേരും മാവോയിസ്റ്റുകളാണ്. ഇവിടെ വലിയൊരു കന്നുകാലി വളർത്തു കേന്ദ്രം കൂടിയുണ്ട്. 250ലധികം കറവ പശുക്കളും പശുക്കുട്ടികളും ഉണ്ട് ഈ കേന്ദ്രത്തിൽ. തടവുകാർക്കാണ് ഇതിന്റെ പരിപാലന ചുമതല.
ജയിൽ മതിലിന് പുറത്തേക്ക് പശുവിനെ മേയ്ക്കാനായി തടവുകാർക്ക് പോകാം. പശുവിനെ കുളിപ്പിക്കുന്നതും, കറക്കുന്നതും, പുല്ല് എത്തിച്ച് നൽകുന്നതും, കറന്ന പാൽ ഫ്രീസറിലേക്ക് മാറ്റുന്നതടക്കമുള്ള പ്രവൃത്തികൾ തടവുകാർ തന്നെയാണ് ചെയ്യുന്നത്. ഛത്തീസ്ഗഢിൽ പശുവിനെ ഗോമാതാവായാണ് കാണുന്നത്. പശുവിനെ നോക്കാനുള്ള അവസരം പ്രായശ്ചിത്ത മാർഗമായാണ് തടവുകാരിൽ പലരും കാണുന്നത്.