

ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന് അതിര്‍ത്തി പ്രദേശം വീഡിയോ എടുത്തെന്ന കുറ്റത്തിന് ചൈനീസ് പൗരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബഹ്‌റായിച്ച് ജില്ലയിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ രൂപായിദിഹ ചെക്ക് പോസ്റ്റ് കടന്നാണ് 49കാരനായ ചൈനീസ് പൗരന്‍ എത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
രൂപായിദിഹ ചെക്ക് പോസ്റ്റിലെ സശാസ്ത്ര സീമ ബല്‍ സായുധ സേനയാണ് ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിലും യാത്ര ചെയ്ത ഇയാളുടെ പക്കല്‍ നിന്ന് പാകിസ്ഥാനി, ചൈനീസ്, നേപ്പാളീസ് കറന്‍സികളും പിടിച്ചെടുത്തു.
നേപ്പാളില്‍ നിന്ന് അനധികൃതമായി കടന്ന ശേഷം ചൈനീസ് പൗരന്‍ അതിര്‍ത്തി പ്രദേശത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്എസ്ബിയുടെ 42ാം ബറ്റാലിയനിലെ കമാന്‍ഡര്‍ ആയ ഗംഗ സിങ് ഉദാവത്ത് പറഞ്ഞു. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ലിയു ഖ്വിന്‍ജിങ് എന്നയാലാണ് അറസ്റ്റിലായത്. മൂന്ന് മൊബൈല്‍ ഫോണുകളും ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.
പിടിച്ചെടുത്ത ഒരു ഫോണില്‍ നിന്ന് ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്. നേപ്പാളിന്റെ ഒരു ഭൂപടവും കണ്ടെടുത്തിട്ടുണ്ട്. പാകിസ്ഥാനിലേക്കുള്ള യാത്രയും ഒരു രേഖയുമില്ലാതെ ഇന്ത്യയിലേക്ക് കടന്നതും വെച്ച് ഇയാളുടെ നീക്കങ്ങള്‍ സംശയാസ്പദമായാണ് കാണുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.