സിജെപിയുടെ ആദ്യ പ്രതിഷേധം: കരുതലോടെ ഡൽഹി പൊലീസ്, അഭിജീത് ​ദീപ്കെയെ അറസ്റ്റ് ചെയ്തേക്കില്ല

സമരത്തിന് അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
CJP's First protest in Delhi Today
Published on
Updated on

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന് രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കെ കരുതലോടെ നീങ്ങുകയാണ് ഡൽഹി പൊലീസ്. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രക്ഷോഭം നടത്തുകയാണ് പാർട്ടിയുടെ ആദ്യ ദൗത്യം. അമേരിക്കയിൽ നിന്ന് പുറപ്പെട്ട സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഉടൻ ഡൽഹിയിലെത്തും. എന്നാൽ സിജെപി സമരത്തിന് അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

അതേസമയം, ഇന്ന് രാവിലെ ഇന്ത്യയിലേക്ക് വരുന്ന സിജെപി സ്ഥാപക നേതാവ് അഭിജീത് ​ദീപ്കെയെ പൊലീസ് അറസ്റ്റ് ചെയ്തേക്കില്ലെന്നാണ് വിവരം. കരുതലോടെ സിജെപിയുടെ പ്രതിഷേധത്തെ നേരിടാനാണ് ഡൽഹി പൊലീസ് ഒരുങ്ങുന്നത്. സിജെപി പ്രതിഷേധത്തിന് മുൻകൂർ അനുമതി തേടിയാൽ നൽകിയേനെയെന്ന് ഡൽഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്.

പ്രതിഷേധിക്കുന്ന ദിവസം രാവിലെ അനുവാദം ചോദിക്കുന്നത് അനുചിതമാണെന്ന വിലയിരുത്തൽ ഉണ്ടെങ്കിലും നിയന്ത്രിത പ്രതിഷേധമാണെങ്കിൽ അനുവാദം നൽകുമെന്നാണ് റിപ്പോർട്ട്. പ്രതിഷേധിക്കാൻ എത്തുന്നവരെ തടഞ്ഞേക്കില്ല. സൗമ്യമായി ഇടപെടണമെന്നും പ്രതിഷേധക്കാരോട് തട്ടിക്കയറരുതെന്നും ഡൽഹി പൊലീസിന് മുകളിൽ നിന്നും നിർദേശം ലഭിച്ചിട്ടുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ തൊഴില്‍രഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ച് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമായി സ്വയം പ്രഖ്യാപിച്ച ഈ ഡിജിറ്റല്‍ കൂട്ടായ്മ രൂപീകൃതമായത്. ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ 1.3 കോടിയിലധികം ഫോളോവേഴ്സും ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം രണ്ട് ലക്ഷത്തിലധികം അംഗങ്ങളും ഒരാഴ്ച കൊണ്ട് സ്വന്തമാക്കാന്‍ ഈ ട്രോള്‍ പാര്‍ട്ടിക്കായി.

പ്രധാനമായും ജെന്‍സി യുവാക്കളാണ് തങ്ങളെന്നും കോണ്‍ഗ്രസോ ബിജെപിയോ അല്ലെന്നും ഇനി സിജെപിയാണ് തങ്ങളുടെ പാർട്ടിയെന്നു വ്യക്തമാക്കി റീലുകളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. മഹുവ മൊയ്ത്രയും പ്രശാന്ത് ഭൂഷനും ധ്രുവ് റാഠിയും ഉള്‍പ്പെടെ പ്രമുഖരും ഈ ട്രോള്‍ പാര്‍ട്ടിയില്‍ പ്രതീകാത്മകമായി ചേര്‍ന്നുകഴിഞ്ഞു. ഭരണകൂടത്തിനെതിരായ പ്രതിഷേധ രൂപമായി കൂട്ടായ്മ വളര്‍ന്നുവരുന്നതിടെ സിജെപിയുടെ സാമൂഹിക മാധ്യമ അക്കൗണ്ട് മരവിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നിലാര്?

സി.ജെ.പി എന്ന രാഷ്ട്രീയ ട്രോള്‍-പരിഹാസ പ്രസ്ഥാനത്തിന് പിന്നില്‍ മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ അഭിജീത് ദിപ്കെ എന്ന 30 കാരനാണ്. പൂനെയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദം നേടിയ ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റേഴ്സ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2020 മുതല്‍ 2023 വരെ അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ, തെരഞ്ഞെടുപ്പ് പ്രചാരണ സംഘങ്ങളുമായി ദിപ്കെ സഹകരിച്ചിരുന്നു.

2020ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയുടെ ഡിജിറ്റല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളിലും മീം അധിഷ്ഠിത ക്യാംപെയ്നുകളിലും പങ്കാളിയായി. ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻ്റെ പരാമര്‍ശത്തിലുള്ള വ്യക്തിപരമായ പ്രതിഷേധം തൊഴിലില്ലായ്മയും നിരാശയും നേരിടുന്ന രാജ്യത്തെ യുവസമൂഹത്തിൻ്റെ പ്രതീകാത്മക സ്വരമായി മാറ്റാന്‍ ദിപ്കെയ്ക്കായി.

News Malayalam 24x7
newsmalayalam.com