

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ പ്ലസ് വൺ വിദ്യാർഥികൾ ചേർന്ന് സഹപാഠിയെ വെടിവച്ചതായി റിപ്പോർട്ട്. സെക്ടർ 48ലെ സെൻട്രൽ പാർക്ക് റിസോർട്ടിൽ അതിസമ്പന്നർ വസിക്കുന്ന ഹൗസിംഗ് സൊസൈറ്റിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളായ വിദ്യാർഥികളിൽ ഒരാളുടെ പിതാവിൻ്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.
വെടിയേറ്റ വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രണ്ട് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാൾ 17 വയസ്സുള്ള ഇരയെ പിതാവ് വാടകയ്‌ക്കെടുത്ത അപ്പാർട്ട്മെൻ്റിലേക്ക് വിളിച്ചുവരുത്തി നിറയൊഴിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ നേരത്തെ ഉണ്ടായിരുന്ന ഒരു വഴക്കിനെ തുടർന്നാണ് പ്രതികൾ ഇരയെ ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. മൂന്ന് കൗമാരക്കാരും ഹൗസിംഗ് സൊസൈറ്റിക്ക് സമീപമുള്ള ഒരു സ്കൂളിലാണ് പഠിക്കുന്നത്.
കേസിലെ ഒന്നാം പ്രതി തൻ്റെ മകനെ വിളിച്ച് കാണാൻ ആവശ്യപ്പെട്ടുവെന്നും മകൻ ആദ്യം വിസമ്മതിച്ചെങ്കിലും ഏറെ നിർബന്ധിച്ചതിനെ തുടർന്ന് പോകാൻ തീരുമാനിച്ചെന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു. തുടർന്ന് പ്രതി കൂട്ടിക്കൊണ്ടു പോകാൻ അവൻ്റെ വീട്ടിലെത്തി. അപ്പാർട്ട്മെൻ്റിൽ പ്രതിയുടെ മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. തുടർന്ന് പ്രധാന പ്രതി പിതാവിൻ്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് കൗമാരക്കാരനെ വെടിവച്ചു.
വിവരം ലഭിച്ചതിനെ ഉടനെ സ്ഥലത്ത് എത്തിയെന്നും പരിക്കേറ്റ കുട്ടിയെ മേദാന്ത ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും സദർ പൊലീസ് അറിയിച്ചു. അപ്പാർട്ട്മെൻ്റിൽ നിന്ന് കണ്ടെത്തിയ ഒരു പെട്ടിയിൽ നിന്ന് ഒരു പിസ്റ്റൾ, ഒരു മാഗസിൻ, അഞ്ച് ലൈവ് കാട്രിഡ്ജുകൾ, ഒരു ഒഴിഞ്ഞ ഷെൽ, 65 ലൈവ് കാട്രിഡ്ജുകൾ അടങ്ങിയ മറ്റൊരു മാഗസിൻ എന്നിവ കൂടി കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. തുടർന്നും ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ലൈസൻസുള്ള ആയുധങ്ങൾ സുരക്ഷിതമായും കുട്ടികൾക്ക് ലഭ്യമാകാത്ത വിധത്തിലും സൂക്ഷിക്കണമെന്ന് ഗുരുഗ്രാം പൊലീസ് എല്ലാ തോക്ക് ഉടമകളോടും അഭ്യർഥിച്ചു.