ഛത്തീസ്ഗഡ്: മലയാളി കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. അറസ്റ്റ് ചെയ്ത കന്യാസ്ത്രികൾക്ക് നീതി ലഭ്യമാകണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാന മന്ത്രിക്ക് കത്തയച്ചു. കോൺവെൻ്റിൽ ജോലിക്ക് എത്തിയവരെ കൂട്ടി വരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ് , പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി ക്രിസ്ത്യൻ സംഘടനകൾ. രംഗത്തെത്തിയിരുന്നു.തസ്വാതന്ത്ര്യം അപകടത്തിലെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. കെട്ടിച്ചമച്ച കേസെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും സിബിസിഐയും ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാക്കളും വിഷയത്തിൽ ഇടപെട്ടു.
വിഷയം ഒറ്റപ്പെട്ട സംഭവമല്ലെന്നും കന്യാസ്ത്രീകളെ മോചിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്കും കെ.സി. വേണുഗോപാല്‍ കത്തയച്ചു. നിബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകളെ ജയിലിലടച്ച ഛത്തീസ്‌ഗഢിലെ ബിജെപി സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രാകൃതവും നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു.
ആട്ടിൻതോലണിഞ്ഞ് ചെന്നായ്‌ക്കളാണ് ആർ എസ് എസുകാർ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളത്തിൽ കേക്കുമായി പള്ളിമേടകളിലെത്തുന്ന സംഘപരിവാർ ഇന്ത്യയിലെ മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷവും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്‌ഗഢിലേതെന്നും സതീശൻ കുറിച്ചു.
അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് കഴിഞ്ഞ ദിവസം ദുർഗിൽ വെച്ച് അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.