
ബിഹാര്‍: ഒരു വയസുകാരന്റെ കടിയേറ്റ് മൂര്‍ഖന്‍ പാമ്പ് ചത്തു. ബിഹാറിലെ വിദൂര ഗ്രാമത്തിലാണ് സംഭവം. കുട്ടി കളിക്കുന്നതിനിടയില്‍ അടുത്തെത്തിയ പാമ്പിനെ പിടിച്ച് വായിലേക്ക് ഇടുകയായിരുന്നു. വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പാമ്പ് ചത്തിരുന്നു. എൻഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങളടക്കമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. പാമ്പിനെ വായിലിട്ട് ചവച്ചതോടെ കുഞ്ഞും അബോധാവസ്ഥയിലായി. കുഞ്ഞിനെ പരിശോധിച്ചു വരികയാണെന്നും വിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ അതിനുള്ള ചികിത്സ നല്‍കുമെന്നും ഡോക്ടര്‍ അറിയിച്ചു. നിലവിൽ കുഞ്ഞ് അപകടനില തരണം ചെയ്തതായാണ് സൂചന.
വീട്ടില്‍ നിലത്തിരുന്ന് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇതിനിടയില്‍ കുഞ്ഞിന് സമീപം മൂര്‍ഖന്‍ പാമ്പിനെ കണ്ടു. മുത്തശ്ശി ഓടിയെത്തിയ സമയത്തിനുള്ളില്‍ കുട്ടി പാമ്പിനെയെടുത്ത് വായിലേക്ക് ഇട്ടു. കടിയേറ്റ പാമ്പ് ഉടന്‍ തന്നെ ചത്തുവീണു. കുഞ്ഞും അബോധാവസ്ഥയിലായി.