

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാം പ്രതിഷേധം ഇന്ന് ജന്തർമന്തറിൽ നടക്കും. പങ്കെടുക്കുന്നവർ പ്ലേറ്റും സ്പൂണുമായി എത്തണമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു.
പാത്രം കൊട്ടിയുള്ള പ്രതിഷേധമാവും ഇന്ന് നടക്കുകയെന്നാണ് റിപ്പോർട്ട്. പ്രധാൻ രാജി വയ്ക്കും വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സിജെപി കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഡല്‍ഹിയില്‍ രണ്ടാഴ്ച മുന്‍പ് നടത്തിയ പ്രതിഷേധത്തിന് ശേഷം പൂനെ, ലക്‌നൗ, അമൃത്‌സര്‍, ഹൈദരാബാദ്, ജയ്‌പൂർ എന്നിവിടങ്ങളിലും ധര്‍ണ നടത്തിയിരുന്നു. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അനിശ്ചിതകാല ധര്‍ണയായി മാറുമെന്നും സംഘടന വ്യക്തമാക്കി.
ജന്തര്‍ മന്തറില്‍ പൂര്‍ണമായും സമാധാനപരമായ രീതിയിലായിരിക്കും പ്രതിഷേധം നടക്കുക. പ്രതിഷേധത്തിൻ്റെ ഭാഗമാകാനും പരിപാടികള്‍ അവതരിപ്പിക്കാനും കലാകാരന്മാരെയും ഗായകരെയും ക്ഷണിച്ചു.
നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് കാട്ടി അഭിജീത് ദീപ്കെ പ്രധാനമന്ത്രിക്ക് കത്തയച്ചു. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം ധനസഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റദ്ദാക്കിയ നീറ്റ് പരീക്ഷ ഞായറാഴ്ച നടക്കാനിരിക്കെയാണ് സിജെപി ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.