ഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനമായ ജൂലൈ 20ന് പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് കോക്രോച്ച് ജനതാ പാർട്ടി. അതേ ദിവസം തന്നെ ഡൽഹി ജന്തർമന്തറിലെ സിജെപി സമരം ഒരു മാസം പിന്നിടുന്ന സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംഘടന വ്യക്തമാക്കിയത്. സമാധാനപരമായാണ് പ്രതിഷേധം സംഘടിപ്പിക്കുകയെന്നും 12 ദിവസമായി നിരാഹാരമിരിക്കുന്ന സോനം വാങ്‌ചുക്കും പങ്കെടുക്കുമെന്നും സിജെപി അറിയിച്ചു.
ജൂൺ 28 മുതലാണ് സോനം വാങ്ചുക്കും ഒരു കൂട്ടം വിദ്യാർഥികളും നിരാഹാര സമരം തുടങ്ങിയത്. നിരാഹാരമിരിക്കുന്ന സോനം വാങ്‌ചുക്കിന്റെയും വിദ്യാർഥികളുടേയും ആരോഗ്യനില വഷളായിട്ടും ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. സർക്കാർ നിസംഗത തുടരുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിഷേധവുമായി പാർട്ടി മുന്നോട്ട് പോകുന്നത്. കനത്ത മഴ അതിജീവിച്ചാണ് ഡൽഹിയിൽ സിജെപി സമരം തുടരുന്നത്. കനത്ത മഴയിൽ പ്രതിഷേധ സ്ഥലത്ത് ടാർപായകൾ എത്തിക്കാൻ പൊലീസ് സമ്മതിക്കാത്തതിലും സിജെപി പ്രതിഷേധം അറിയിച്ചിരുന്നു.
രാത്രിയിലുട നീളം കനത്ത മഴ പെയ്തപ്പോഴും പ്രതിഷേധ സ്ഥലത്തേക്ക് ടാർപ്പായകൾ കൊണ്ടുവരാൻ ഡൽഹി പൊലീസ് വിസമ്മതിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വിദ‍്യാർഥികൾക്ക് മഴ നനഞ്ഞ് അസുഖം ബാധിച്ചു. മഴ മൂലം അവർക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ബെഡ്ഷീറ്റുകൾ നനഞ്ഞു. മുകളിൽ നിന്ന് ഉത്തരവ് ലഭിക്കുന്നത് വരെ ഇവർ നനഞ്ഞുകൊണ്ടിരിക്കണമെന്ന അവസ്ഥ അംഗീകരിക്കാൻ കഴിയില്ല. പൊലീസ് ഉദ‍്യോഗസ്ഥരുടെ യൂണിഫോമിൽ ഒരു തുള്ളി വെള്ളം പോലും വീണിട്ടില്ലെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചിരുന്നു.
മെയ് 16ന് തൊഴിൽരഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ രൂപികരിച്ചത്. പിന്നാലെ ജൂൺ 6ന് അതിന്റെ ആദ്യ ഓഫ്‌ലൈൻ പ്രതിഷേധവും ഡൽഹി ജന്തർമന്തറിൽ നടന്നു. പിന്നാലെയാണ് ജൂൺ 20ന് സിജെപി അനിശ്ചിതകാല സമരം ആരംഭിച്ചത്. എസ്എഫ്ഐ, എഐഎസ്എഫ്, എഐഎസ്എ, കെവൈഎസ് തുടങ്ങിയ ഇടതുപക്ഷ യുവജന, വിദ്യാർത്ഥി സംഘടനകളും സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്. സമരം തുടങ്ങി എട്ട് ദിവസത്തിന് ശേഷമാണ് വാങ്ചുക്കിന്റെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.