ന്യൂ ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു. ഫെബ്രുവരി ഒന്ന് മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ബേക്കറികൾ, ചെറിയ ഭക്ഷ്യ സംരംഭങ്ങൾ തുടങ്ങിയ വാണിജ്യ മേഖലകളെ ഈ വില വർധന നേരിട്ട് ബാധിക്കും.
അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. സാധാരണ ഉപഭോക്താക്കൾക്ക് ആശ്വാസമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. എന്നാൽ, കുടുംബ ബജറ്റുകളെ ഇത് നേരിട്ട് ബാധിക്കില്ലെങ്കിലും ഭക്ഷണസാധനങ്ങളുടെ വില കൂടാൻ ഈ വർധനവ് ഇടയാക്കിയേക്കും.
2026ൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് എൽപിജി നിരക്കുകൾ വർധിപ്പിക്കുന്നത്. ജനുവരി ഒന്നിന് വാണിജ്യ സിലിണ്ടറുകൾക്ക് 111 രൂപയുടെ വൻ വർധനവ് വരുത്തിയിരുന്നു.