

ലഖ്‌നൗ : ഉത്തര്‍ പ്രദേശിലെ വരാണസിയില്‍ നിന്ന് യാത്രക്കായി ട്രെയിന്‍ ടിക്കറ്റെടുത്ത യാത്രക്കാരന് കണ്‍ഫോം ചെയ്ത ടിക്കറ്റ് കിട്ടിയത് ട്രെയിനിന് വെളിയില്‍. 52 ബെര്‍ത്തുള്ള ട്രെയിനില്‍ 54ാമത്തെ ബെര്‍ത്താണ് യുവാവിന് ലഭിച്ചത്. ഗൊരഖ്പൂരിലെക്ക് യാത്ര ചെയ്യാനായി എ1 കോച്ചിൽ ടിക്കറ്റ് എടുത്ത ഇഷാന്‍ ബാജ്‌പെയ് എന്ന യാത്രക്കാരനാണ് തന്റെ ദുരനുഭവം എക്‌സ് വഴി പങ്കുവെച്ചത്. ഇതോടെ പ്രതികരണവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തി. 15132 നമ്പര്‍ വരാണസി സിറ്റി- നേപാള്‍ ഗഞ്ച് റോഡ് എക്‌സ്പ്രസിലെ എ1 കോച്ചില്‍ 54ാമത്തെ സീറ്റ് കണ്‍ഫേമായ ടിക്കറ്റാണ് ഇഷാന് ലഭിച്ചത്. എന്നാല്‍, ട്രെയിനിലെ ഈ കോച്ചില്‍ 52 സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. രാത്രി 10.35ന് പുറപ്പെടുന്ന ട്രെയിനില്‍ 4 മണിയോടെ ഗൊരഖ്പൂര്‍ ജംഗ്ഷനിലെത്തുന്ന തരത്തിലായിരുന്നു ഇയാള്‍ ടിക്കറ്റ് എടുത്തിരുന്നത്.
പ്രശ്‌നം ശ്രദ്ധയില്‍ പെട്ടപ്പോള്‍ 139 എന്ന റെയില്‍വേ ഹെല്‍പ് ലൈന്‍ നമ്പറില്‍ അറിയിച്ചതായും ഇഷാന്‍ വീഡിയോയില്‍ പറയുന്നുണ്ട്. യാത്രക്കാരന് നേരിട്ട ദുരനുഭവത്തില്‍ റെയില്‍വെ ഖേദപ്രകടനം നടത്തുകയും ആവശ്യമായ നടപടി സ്വീകരിക്കാനായി ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ക്ക് കൈമാറിയതായും ഇന്ത്യന്‍ റെയില്‍ വെ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.
ട്രെയിനില്‍ ഉള്ളതിലധികം ബെര്‍ത്ത് അനുവദിച്ചതിനെ അതിരൂക്ഷമായ പരിഹാസം കൊണ്ടാണ് സോഷ്യല്‍ മീഡിയ വരവേറ്റത്. 'താങ്കള്‍ ടോയ്‌ലറ്റിലും കോച്ചിന് മുകളിലും താങ്കളുടെ ബെര്‍ത്ത് നമ്പര്‍ നോക്കിയിരുന്നോ' എന്നത് മുതല്‍ 'ഇന്ത്യന്‍ റെയില്‍വേ ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കുന്ന തിരക്കിലാണെന്നും' വരെ നീളുന്നതാണ് പ്രതികരണങ്ങള്‍. മൂന്ന് ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇഷാന്റെ പോസ്റ്റ് കണ്ടിരിക്കുന്നത്.
ഇതിനിടെ, 2 എസി ബുക്ക് ചെയ്തയാൾക്ക് ഓട്ടോമാറ്റിക്കായി 3 എസിയിലേക്ക് മാറിയതായി മറ്റൊരു യാത്രക്കാരനും അനുഭവം പങ്കുവെച്ചു.
സംഭവം വലിയ വാര്‍ത്ത ആയതോടെ റെയില്‍വേ സര്‍വീസിലെ പരാതി പരിഹാര സംവിധാനങ്ങളെ കുറിച്ചും ടിക്കറ്റെടുക്കുമ്പോള്‍ പുലര്‍ത്തേണ്ട ജാഗ്രതാ നിര്‍ദേശങ്ങളെ കുറിച്ചും വലിയ ചര്‍ച്ചകളാണ് രൂപപ്പെട്ടത്.