

വിദ്യാഭ്യാസമേഖലയിലൂടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ആര്‍എസ്എസ് ശ്രമങ്ങളെ ചെറുക്കാനും, അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളെ വിദ്യാഭ്യാസ രംഗത്ത് മാതൃയാക്കാനും ലക്ഷ്യമിട്ട് കോണ്‍ഗ്രസ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും വിദ്യാഭ്യാസ മന്ത്രിമാരുമായും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
വിദ്യാഭ്യാസ വിദഗ്‌ധരുടെയും ബന്ധപ്പെട്ട മേഖലകളിലെ മറ്റു പങ്കാളികളുടെയും മാർഗനിർദേശത്തോടെ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. സെമിനാറുകളിലെ നിര്‍ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു മാസത്തിനകം സമഗ്ര പ്രവര്‍ത്തനപദ്ധതി തയ്യാറാക്കണമെന്നും എഐസിസി നിര്‍ദേശിച്ചു. വിദ്യാഭ്യാസ വിദഗ്‌ധരെ ഉൾപ്പെടുത്തി ദേശീയതലത്തിലും സെമിനാര്‍ സംഘടിപ്പിക്കും. സംസ്ഥാനതലത്തിൽ തയ്യാറാക്കുന്ന പദ്ധതികളെ ഏകോപിപ്പിക്കുന്നതിനൊപ്പം, അവ നടപ്പാക്കാനുള്ള മാർഗരേഖ തയ്യാറാക്കുകയാണ് ദേശീയതല ചർച്ചയുടെ ലക്ഷ്യം.
ആര്‍എസ്എസ് തങ്ങളുടെ ആശയങ്ങള്‍ യുവമനസ്സുകളിലേക്ക് എത്തിക്കാന്‍ വിദ്യാഭ്യാസ സംവിധാനങ്ങളെ കൂട്ടുപിടിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതിനാല്‍ ഇത്തരം ഇടപെടലുകളെക്കുറിച്ച് മുഖ്യമന്ത്രിമാര്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കണം. അവയെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍ തേടണമെന്നുമാണ് എഐസിസി നിര്‍ദേശം.
യോഗത്തില്‍ പ്രിയങ്കാഗാന്ധി, കെ.സി. വേണുഗോപാല്‍, ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ എഐസിസി ജനറൽ സെക്രട്ടറിമാര്‍ തുടങ്ങിയവരും പങ്കെടുത്തു. കേരളത്തിൽനിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും യോഗത്തില്‍ പങ്കെടുത്തു. പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനിടെയാണ് എഐസിസി നിർദേശമെന്നതും ശ്രദ്ധേയം.