മേഘാലയയില്‍ മധുവിധുവിന് പോയ ദമ്പതികളില്‍ ഒരാളെവിടെ? കണ്ടെത്തിയത് രാജയുടെ മൃതദേഹം മാത്രം; അടിമുടി ദുരൂഹത

"കോട്ട് കണ്ടെടുത്തത് രക്ഷാപ്രവര്‍ത്തനം നടത്തിയവരാണ്. അതില്‍ എന്തോ കറയും ഉണ്ടായിരുന്നു. എന്നാല്‍ അത് രക്തത്തിന്റെ കറ തന്നെയാണോ എന്ന് ഉറപ്പില്ല"
Raja Raghuvanshi and Wife Sonam
രാജ രഘുവംശിയും ഭാര്യ സോനവും Source: Deccan Chronicle
Published on

മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയി കാണാതായ ദമ്പതിമാരില്‍ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത തുടരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ പൊടിപോലും കണ്ടെത്താന്‍ സാധിക്കാത്തതിലാണ് പൊലീസിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.

മധ്യപ്രദേശ് സ്വദേശികളായ ബിസിനസുകാരന്‍ രാജ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മെയ് 23ന് മേഘാലയയില്‍ നിന്നും കണാതായത്. 11 ദിവസത്തെ തിരച്ചിലിനൊടുവിലാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇതുവരെയും സോനത്തെ കണ്ടെത്താനായിട്ടില്ല. രാജയെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിനിടെയാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സമീപത്ത് നിന്ന് ഒരു പ്ലാസ്റ്റിക് പിടിയുള്ള മൂര്‍ച്ചയുള്ള കത്തിയും തകര്‍ന്ന നിലയില്‍ ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ കൊലപാതകമാണോ എന്ന സംശയവും ഉയരുകയാണ്.

ഇവര്‍ക്കായുള്ള തിരച്ചിലിനിടയില്‍ ഒരു കറുത്ത മഴക്കോട്ട് പൊലീസിന് ലഭിച്ചിരുന്നു. വ്യൂപോയിന്റിനടത്തു നിന്നാണ് മഴക്കോട്ട് ലഭിച്ചത്. എന്നാല്‍ അത് സോനത്തിന്റെ തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെയും ഒരു ഉറപ്പും ലഭിച്ചിട്ടില്ല. ഈ മഴക്കോട്ട് ഇപ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ്.

Raja Raghuvanshi and Wife Sonam
''ചെങ്കുത്തായ പ്രദേശമാണ്, അവര്‍ ട്രെക്കിങ്ങിനോ മറ്റോ പോയതാവാം''; ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ മേഘാലയ മുഖ്യമന്ത്രി

കോട്ട് കണ്ടെടുത്തത് രക്ഷാപ്രവര്‍ത്തനം നടത്തിയവരാണ്. അതില്‍ എന്തോ കറയും ഉണ്ടായിരുന്നു. എന്നാല്‍ അത് രക്തത്തിന്റെ കറ തന്നെയാണോ എന്ന് ഉറപ്പില്ലെന്നും ഈസ്റ്റ് ഖാസി ഹില്‍സ് പൊലീസ് സൂപ്രണ്ട് വിവേക് സിയേം പറഞ്ഞു.

ലഭ്യമായ വീഡിയോ ഫൂട്ടേജുകളും വിവരങ്ങളും വെച്ച് ഇവര്‍ അന്ന് ഇത്തരത്തില്‍ ഒരു കോട്ട് ധരിച്ചിരുന്നോ എന്ന് കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകായണെന്നും പൊലീസ് പറഞ്ഞു. 3XL വലുപ്പമുള്ള കോട്ടായതിനാല്‍ തന്നെ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇത് ഇവരുടേതാണെന്ന് ഉറപ്പിക്കാന്‍ പറ്റുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പൊലീസ് ഒരു പ്രത്യേക അന്വേഷണ ടീമിനെ നിയോഗിച്ചിട്ടുണ്ട്. സോനത്തെ തട്ടിക്കൊണ്ടു പോയതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. എന്നിരുന്നാലും രാജയുടെ മൃതദേഹം കണ്ടെത്തിയിട്ടും സോനം എങ്ങോട്ടാണ് ഒരു സൂചന പോലും നല്‍കാതെ അപ്രത്യക്ഷമായത് എന്നാണ് പൊലീസിനെ സംശയത്തിലാക്കുന്നത്.

മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ രാജയെയും സോനത്തെയും കാണാതാവുന്നത് ചിറാപുഞ്ചിയിലേക്കുള്ള യാത്രക്കിടെയാണ്. റോഡരികിലായാണ് ഇവര്‍ വാടകയ്ക്കെടുത്ത ബൈക്ക് കിടന്നത്. മെയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. മെയ് 20നാണ് ഹണിമൂണ്‍ യാത്ര തുടങ്ങിയത്. ഗുവാഹത്തിയിലെത്തി ഒരു ക്ഷേത്രം സന്ദര്‍ശിച്ചാണ് ഇവര്‍ മേഘാലയയിലേക്ക് പുറപ്പെട്ടത്. മെയ് 23നാണ് മകന്‍ അവസാനമായി ഫോണിലൂടെ താനുമായി ബന്ധപ്പെട്ടതെന്നാണ് അമ്മ പറഞ്ഞത്. ഇതിന് ശേഷം രണ്ട് പേരുടെ ഫോണുകളിലേക്ക് വിളിച്ചെങ്കിലും റിംഗ് ചെയ്തതല്ലാതെ എടുത്തില്ല. എന്നാല്‍ അടുത്ത ദിവസം മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞതെന്നും അമ്മ പ്രതികരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com