

ഭോപാല്‍: കാന്‍സര്‍ ഭേദമാക്കാന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ചുകൊണ്ട്, സര്‍ക്കാര്‍ ഫണ്ടിങ്ങില്‍ ഗവേഷണം നടത്തിയതില്‍ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍. പത്ത് വര്‍ഷം പിന്നിട്ടിട്ടും ഗവേഷണത്തിന്റെ ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് നല്‍കിയ സാമ്പത്തിക തിരിമറി പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഇതില്‍ ധൂര്‍ത്തടിച്ച് പണം കളഞ്ഞെന്ന വിവരങ്ങളാണ് പുറത്തുവന്നത്.
മധ്യപ്രദേശിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റിയാണ് 2011ല്‍ 8 കോടി രൂപയുടെ പദ്ധതി മുന്നോട്ട് വച്ചത്. എന്നാല്‍ സര്‍ക്കാര്‍ 3.5 കോടി രൂപ അനുവദിച്ചു. എന്നാല്‍ 15 വര്‍ഷത്തോളമായിട്ടും ഗവേഷണത്തിന്റെ പൊടിപോലുമില്ലാത്ത സാഹചര്യത്തിലാണ് പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചത്.
ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഡിവിഷണല്‍ കമ്മീഷണര്‍ കളക്ടര്‍ക്ക് അന്വേഷണത്തിന് ഉത്തരവിട്ടു. കളക്ടര്‍ അഡീഷണല്‍ കളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ഗവേഷക ടീം കാര്‍ അടക്കമുള്ള പലതും വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
2011 മുതല്‍ 2018 വരെയുള്ള കാലത്ത് പദ്ധതി ചെലവെന്ന പേരില്‍ 1.92 കോടി രൂപ ചാണകം വാങ്ങുന്നതിനും പശുവിന്റെ മൂത്രം വാങ്ങുന്നതിനും പാത്രങ്ങളും മറ്റു അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതിനുമായും ചെലവഴിച്ചു. 15-20 ലക്ഷം വരെ മാത്രം ചെലവ് വരുന്നതിനാണ് 1.92 കോടി ചെലവായെന്ന് കണക്കുകളില്‍ എഴുതിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഗോവയിലേക്കും ബെംഗളൂരുവിലേക്കുമടക്കം 24 ഓളം വിമാന യാത്രകളും ഗവേഷണത്തിന്റെ പേരില്‍ ടീം അംഗങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കണ്ടെത്തലുണ്ട്.
പഞ്ചഗവ്യ പദ്ധതിയുടെ പേരിലാണ് യൂണിവേഴ്‌സിറ്റി ടീം ഗോവ സന്ദര്‍ശിച്ചതെന്ന് അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. 7.5 ലക്ഷം വിലയുള്ള കാറും വാങ്ങിയതായി കണക്കുകളില്‍ കാണിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അത്രയും തുകയായിട്ടില്ലെന്നും കണക്കുകളില്‍ കൃത്രിമം കാണിച്ചതാണെന്നുമാണ് പറയുന്നത്. ഇതിന് പുറമെ 7.5 ലക്ഷം രൂപ കാറിന്റെ ഇന്ധനത്തിനും മെയിന്റനന്‍സിനുമായി ചെലവാക്കിയെന്നും 15 ലക്ഷം രൂപ മേശയും ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങുന്നതിനായി ചെലവഴിച്ചുവെന്നും പറയുന്നു.
3.5 ലക്ഷം രൂപ തൊഴിലാളുകള്‍ക്ക് നല്‍കിയ പണമായും കാണിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും യഥാര്‍ഥ കണക്കല്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. 10 വര്‍ഷത്തിലേറെ സമയം എടുത്ത് പഞ്ചഗവ്യ പദ്ധതിയെന്ന പേരില്‍ ഗവേഷണം നടത്തിയിട്ടും ഇതുവരെ കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്ന് ടീമിന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു.