സി.പി. രാധാകൃഷ്ണനെ ഇന്ത്യൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്തു. ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്നാണ് മുഴുവൻ പേര്. 452 വോട്ടുകൾ നേടിയാണ് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ 98.3 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ വോട്ട് ചെയ്തത്.
1957ൽ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണന്‍ കോയമ്പത്തൂരിലെ ചിദംബരം കോളേജിൽ നിന്ന് ബിബിഎ ബിരുദത്തോടെ പഠനം പൂർത്തിയാക്കി. തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡൻ്റും മുതിർന്ന ബിജെപി നേതാവുമായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം ജൂലൈ മുതൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ച് വരികയാണ്. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായി പ്രവർത്തിച്ചിരുന്നു. 2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാന ഗവർണറായും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധിക ചുമതല വഹിച്ചു. 2023ൽ ജാർഖണ്ഡ് ഗവർണറായി നിയമിതനായതിന്റെ ആദ്യ നാല് മാസങ്ങൾക്കുള്ളിൽ, രാധാകൃഷ്ണൻ സംസ്ഥാനത്തെ 24 ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളുമായും ജില്ലാ ഉദ്യോഗസ്ഥരുമായും സംവദിച്ചു.
2004നും 2007നും ഇടയിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷനെന്ന നിലയിൽ അദ്ദേഹം 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ 'രഥയാത്ര' നടത്തിയിരുന്നു. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് യാത്ര സംഘടിപ്പിച്ചത്.
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജഗ്ദീപ് ധൻഖഡ് രാജിവെച്ചതിനെത്തുടർന്നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഇൻഡ്യ സഖ്യത്തിൻ്റെ സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡിയും മത്സരരംഗത്ത് ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ച വോട്ട് നേടാൻ ഇൻഡ്യാ സഖ്യത്തിന് സാധിച്ചില്ല. 322 വോട്ടുകൾ ലഭിക്കേണ്ടിയിരുന്നെങ്കിൽ 300 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.