ബിഹാറില്‍ മഹാഗഢ്ബന്ധന് കരുത്തായ ഇടത് നേതാവ്; സിപിഐഎംഎല്ലിന്റെ രാഷ്ട്രീയ മുഖം ദിപാങ്കര്‍ ഭാട്ടാചാര്യ

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 19 സീറ്റുകളില്‍ 12 എണ്ണം വിജയിച്ച പാര്‍ട്ടി
ബിഹാറില്‍ മഹാഗഢ്ബന്ധന് കരുത്തായ ഇടത് നേതാവ്; സിപിഐഎംഎല്ലിന്റെ രാഷ്ട്രീയ മുഖം ദിപാങ്കര്‍ ഭാട്ടാചാര്യ
Published on

വടക്കന്‍ ബിഹാര്‍ മേഖലയും ചമ്പാരനുമടക്കം ബിഹാറില്‍ സിപിഐഎം എല്ലിന് ശക്തമായ സാന്നിധ്യമുള്ള നിരവധി ജില്ലകള്‍ ഉണ്ട്. കഴിഞ്ഞതവണ 19 സീറ്റില്‍ മത്സരിച്ച് 12 സീറ്റ് നേടിയ പ്രസ്ഥാനം. ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് ദിപാങ്കര്‍ ഭട്ടാചാര്യയുടെ ഉത്തരം ബിഹാറിലെ ഇടതു ശക്തിയെക്കുറിച്ചാണ്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ ഭട്ടാചാര്യയുടെ ഉറച്ച വാക്കുകളും ഇടപെടലും ബിഹാര്‍ മഹാഗഢ്ബന്ധന് കരുത്താണ്.

ബിഹാര്‍ വോട്ടെടുപ്പിനുള്ള രാഷ്ട്രീയ പടയൊരുക്കം ആദ്യം തുടങ്ങിയത് സംസ്ഥാനത്തെ ഏറ്റവും വലിയ ഇടതു പാര്‍ട്ടിയായ സിപിഐഎം ലിബറേഷനാണ്. കഴിഞ്ഞ മാര്‍ച്ചില്‍ പട്‌ന, ഗാന്ധി മൈതാനത്ത് ബദ്ലോ ബിഹാര്‍ മഹാജുട്ടാന്‍ റാലി. ആശാ പ്രവര്‍ത്തകര്‍, പാചക-ശുചിത്വ തൊഴിലാളികള്‍, കര്‍ഷക യൂണിയനുകള്‍, രക്തസാക്ഷി സൈനികരുടെ ഭാര്യമാര്‍ എന്നിങ്ങനെ ആയിരക്കണക്കിന് മനുഷ്യര്‍. 40 ഓളം ചെറുസംഘടനകളുടെ കൂട്ടായ്മയില്‍ മഹാസമ്മേളനം. 2024 ഒക്ടോബറിലെ ബദ്ലോ ബിഹാര്‍ ന്യായ് യാത്രയുടെ പരിസമാപ്തി സമ്മേളനം.

ബിഹാറില്‍ മഹാഗഢ്ബന്ധന് കരുത്തായ ഇടത് നേതാവ്; സിപിഐഎംഎല്ലിന്റെ രാഷ്ട്രീയ മുഖം ദിപാങ്കര്‍ ഭാട്ടാചാര്യ
'മുസ്ലീം പെൺകുട്ടിയുമായി ഒളിച്ചോടിയാൽ ജോലി തരാം' വിവാദ പരാമർശവുമായി മുൻ ബിജെപി എംഎൽഎ

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 19 സീറ്റുകളില്‍ 12 എണ്ണം വിജയിച്ച പാര്‍ട്ടി. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്ന് ലോക്സഭാ സീറ്റില്‍ രണ്ടിലും വിജയം. പാര്‍ട്ടി ജന. സെക്രട്ടറി ദിപാങ്കര്‍ ഭട്ടാചാര്യക്ക് അതിനെക്കുറിച്ച് പറയാനുള്ളത് ഇങ്ങനെ;

ദക്ഷിണ ബിഹാറിലെ അരായും കാരക്കത്ത് ലോക്സഭാ സീറ്റും നേടിയത് പാര്‍ട്ടിയുടെ ജനകീയ പിന്തുണയുടെ തെളിവാണ്. കോണ്‍ഗ്രസ് സസാറം സീറ്റ് നേടിയതും ബക്സറും, ജെഹനാബാദും പാടലീപുത്രയും ഔറംഗാബാദും ആര്‍ജെഡിക്ക് നേടാനായതും സിപിഐഎംഎല്‍ സഖ്യം കൊണ്ടാണ്. ചമ്പാരനില്‍ മറ്റൊരു മഹാഗഢ്ബന്ധന്‍ കക്ഷിക്കും ജയിക്കാനായില്ല. മിഥിലയിലും സമഷ്ഠിപുരിലും ഞങ്ങള്‍ ശക്തരാണ്-ദിപാങ്കര്‍ ഭട്ടാചാര്യ എന്ന അടിയുറച്ച കമ്യൂണിസ്റ്റുകാരന് ഇക്കാര്യത്തില്‍ സംശയമില്ല.

ഗുവാഹത്തിയിലെ ബംഗാളി കുടുംബത്തില്‍ 1960 ഡിസംബറില്‍ ജനിച്ച ഭട്ടാചാര്യ, കൊല്‍ക്കത്ത, നരേന്ദ്രപൂരിലെ രാമകൃഷ്ണ മിഷന്‍ വിദ്യാലയത്തിലാണ് പഠിച്ചത്. 1979 ലെ ബംഗാള്‍ ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷയില്‍ ഒന്നാം റാങ്ക്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് 1982 ല്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍ ബി.സ്റ്റാറ്റും 1984 ല്‍ മാസ്റ്റര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സില്‍ എം.സ്റ്റാറ്റും നേടി.

പഠനകാലത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. 1994 വരെ ഇന്ത്യന്‍ പീപ്പിള്‍സ് ഫ്രണ്ട് ജന. സെക്രട്ടറി. ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍ നേതാവ്. 1987 ല്‍, സിപിഐഎംഎല്‍ സെന്‍ട്രല്‍ കമ്മിറ്റിയംഗം. 1998 ല്‍ പ്രമുഖ നേതാവ് വിനോദ് മിശ്രയുടെ വിയോഗത്തോടെ ദേശീയ ജനറല്‍ സെക്രട്ടറി പദവിയില്‍.

ഇത്തവണത്തെ ബിഹാര്‍ മഹാഗഢ്ബന്ധന്റെ രാഷ്ട്രീയ മുഖങ്ങളിലൊന്ന് അക്കാദമിക് ബുദ്ധിജീവി കൂടിയായ ഈ കമ്യൂണിസ്റ്റുകാരനാണ്. മത്സരിക്കുന്ന 20 ല്‍ എത്ര സീറ്റ് നേടുമെന്നത് മാത്രമല്ല ഇന്‍ഡ്യാ സഖ്യവേദിയില്‍ ദേശീയ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കുന്നതില്‍ ശ്രദ്ധയുള്ളയാള്‍. ബാക്കി നവംബര്‍ 14 നറിയാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com