കൃത്യം 50 വർഷം മുൻപാണ് ഇന്ത്യയുടെ ജനാധിപത്യത്തെ കശക്കിയെറിഞ്ഞ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1975 ജൂൺ 25ന് രാത്രി ഉത്തരവിൽ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദ് ഒപ്പിട്ടു. പിന്നീടുള്ള 21 മാസം ജനാധിപത്യ സങ്കൽപ്പങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് രാജ്യം കണ്ടത്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഇരട്ടപ്രഹരം കിട്ടിയത് 1975 ജൂൺ 12നായിരുന്നു. ആദ്യത്തേത് അലഹാബാദ് ഹൈക്കോടതിയിൽ നിന്നായിരുന്നു. ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ നിന്നുള്ള ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് അലഹാബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. എതിർസ്ഥാനാർത്ഥിയായിരുന്ന സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ലോക്ബന്ധു രാജ് നാരായണൻ നൽകിയ ഹർജിയിലായിരുന്നു വിധി.
1971ലെ തെരഞ്ഞെടുപ്പിൽ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രചാരണം നടത്തിയതിനുള്ള ശിക്ഷയാണ് നാലുവർഷങ്ങൾക്കു ശേഷം വന്നത്. ജൂൺ 16ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി സിദ്ധാർഥ ശങ്കർ റേയാണ് ഇന്ദിരാഗാന്ധിയെ സന്ദർശിച്ച് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഉപദേശം കൈമാറിയത്.
1975 ജൂൺ 24ന് ജസ്റ്റിസ് വി. ആർ. കൃഷ്ണയ്യർ സുപ്രീംകോടതിയിലെ അവധിക്കാല ബഞ്ചിലിരുന്ന് ഇന്ദിരാ ഗാന്ധിയുടെ അപ്പീലിൽ വിധി പറഞ്ഞു. അലഹാബാദ് ഹൈക്കോടതി വിധി സാധുവാണെന്നും എന്നാൽ പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടതില്ല എന്നുമായിരുന്നു വിധി. അതോടെ അടിയന്തരാവസ്ഥയ്ക്കുള്ള ഒരുക്കം ആരംഭിച്ചു.
തുടക്കത്തിൽ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും സിദ്ധാർത്ഥ ശങ്കർ റേയും മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ജൂൺ 25ന് രാത്രി എട്ടുമണിയോടെ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ആരംഭിച്ചു. ജയപ്രകാശ് നാരായണൻ, എ ബി വാജ്പേയി, എൽ കെ അദ്വാനി, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, തുടങ്ങിയവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.
വൈദ്യുതി വിച്ഛേദിച്ചതോടെ പത്രങ്ങളിലൂടെ വിവരം പുറത്തുവരാനുള്ള സാധ്യതയും ഇല്ലാതായി. അടിയന്തരാവസ്ഥയുടെ വിവരം ആഭ്യന്തരമന്ത്രി കെ. ബ്രഹ്മാനന്ദ റെഡ്ഡി പോലും അറിഞ്ഞത് ഉത്തരവ് ഇറങ്ങിയ ശേഷമാണ്. പിറ്റേന്ന് രാവിലെ ആറരയ്ക്ക് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചാണ് ഇന്ദിര മന്ത്രിമാരെ വിവരം അറിയിച്ചത്.
രാജ്യമെങ്ങും പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റുകൾ ആരംഭിച്ചു. മിസപ്രകാരം 34,988 പേരേയും ഡൊമസ്റ്റിക് ഇൻസിഡന്‍റ് റിപ്പോർട്ട് എന്ന ഡിഐആർ പ്രകാരം 75,818 പേരേയും കോഫേപോസ അനുസരിച്ച് 2,084 പേരേയും അറസ്റ്റ് ചെയ്തു. ഇക്കാലത്താണ് നിർബന്ധിത വന്ധ്യംകരണം നടപ്പാക്കിയത്. രാജ്യമെങ്ങുനിന്നും പുരുഷന്മാരെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിച്ചു. 21 മാസത്തിനിടയ്ക്ക് രാജ്യത്ത് ഒരു കോടി വന്ധ്യംകരണമാണ് നടന്നത്. കേരളത്തിൽ മൂന്നു ലക്ഷത്തി അറുപത്തിരണ്ടായിരത്തി അറുപത്തിരണ്ടുപേരേയും വന്ധ്യംകരിച്ചു.
പ്രധാനമന്ത്രിയുടെ നിയമനം കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ല എന്നതുൾപ്പെടെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന നിരവധി നിയമങ്ങൾ പാർലമെന്‍റിൽ പാസാക്കി. മാധ്യമങ്ങളിൽ സർക്കാർ ആഗ്രഹിക്കാത്ത ഒരു വരി പോലും വരാതിരിക്കാൻ സെൻസറിങ് ഏർപ്പെടുത്തി. ഇന്ദിരയാണ് ഇന്ത്യ എന്ന ദേവകാന്ത് ബറൂവയുടെ മുദ്രാവാക്യം രാജ്യമെങ്ങും മുഴങ്ങി.
കടുത്ത പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ 1977 മാർച്ച് 21ന് ആണ് അടിയന്തരാവസ്ഥ പിൻവലിച്ചത്. പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടി 345 സീറ്റ് നേടി അധികാരത്തിലെത്തി. തകർന്നടിഞ്ഞ കോൺഗ്രസിന് 187 സീറ്റ് മാത്രമാണ് ലഭിച്ചത്. ഇന്ദിരാഗാന്ധി റായ് ബറേലിയിൽ തോൽക്കുകയും ചെയ്തു.