

ചെന്നൈ: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കെതിരെ വിവാദ പരാമർശവുമായി ഡിഎംകെ എംപി ദയാനിധി മാരന്‍. ഉത്തരേന്ത്യയില്‍ ഹിന്ദി നിര്‍ബന്ധമാക്കി ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാതിരിക്കുകയാണെന്നും ഇത്തരത്തില്‍ മോശം വിദ്യാഭ്യാസം നല്‍കുന്നതാണ് അവിടെ നിന്ന് ആളുകള്‍ ജോലി തേടി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് എത്തുന്നതിന് കാരണമെന്നും ദയാനിധി മാരന്‍ പറഞ്ഞു.
ചില സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും, എന്നാല്‍ ഹിന്ദി പഠിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറയുന്നതായും ദയാനിധി മാരന്‍ കുറ്റപ്പെടുത്തി.
"നിങ്ങളോട് അവര്‍ പറയുകയാണ് ഇംഗ്ലീഷ് പഠിക്കരുത്... ഇംഗ്ലീഷ് പഠിച്ചാല്‍ നിങ്ങള്‍ നശിച്ചു പോകുമെന്ന്. എന്നിട്ട് നിങ്ങളെ അവര്‍ അടിമകളാക്കി നിര്‍ത്തുകയാണ്," ദയാനിധി മാരന്‍ പറഞ്ഞു.
ഇപ്പോള്‍ പല വലിയ വലിയ ആഗോള കമ്പനികളും തമിഴ്‌നാട്ടിലേക്ക് വരുന്നത് ഇവിടുത്തെ ആളുകള്‍ വിദ്യാസമ്പന്നരാണ് എന്നതുകൊണ്ട് കൂടിയാണ്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ഹിന്ദി മാത്രം നിര്‍ബന്ധമാക്കി കൊണ്ടുള്ള വിദ്യാഭ്യാസം അവരെ തൊഴിലില്ലായ്മയിലേക്ക് ആണ് നയിക്കുന്നത്. എന്നാല്‍ തമിഴ്‌നാടിൻ്റെ ദ്രാവിഡ മോഡല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെയുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നതെന്നും ദയാനിധി മാരന്‍ പറഞ്ഞു.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത് കുട്ടികളുടെ ഭാവിയെ പരിമിതപ്പെടുത്തുന്നതിന് കാരണമാകുമെന്നും ഭാഷാപരമായ നിയന്ത്രണങ്ങള്‍ വളര്‍ച്ചയ്ക്കും തൊഴിലിനും ഒരു തടസമായി നില്‍ക്കുമെന്നും ദയാനിധി മാരന്‍ പറഞ്ഞു.