അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു; നാളെ നാട്ടിലെത്തിച്ചേക്കും

മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും
Ranjitha
രഞ്ജിതSource: News Malayalam 24x7
Published on

ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ മരണപ്പെട്ട മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. മൃതദേഹം തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.

പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാരൻ നായർ യുകെയില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നഴ്സായിരുന്ന രഞ്ജിത അവധി എടുത്താണ് വിദേശത്ത് ജോലി ചെയ്തിരുന്നത്. ആദ്യം ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു ജോലി. അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ സാധിക്കാത്തതിനാല്‍ പിന്നീട് യുകെയിലേക്ക് മാറുകയായിരുന്നു.

അവധി അപേക്ഷ നീട്ടി നല്‍കാനായി മൂന്ന് ദിവസം മുന്‍പാണ് രഞ്ജിത നാട്ടിലെത്തിയത്. ഇപ്പോള്‍ താമസിക്കുന്ന വീടിന് സമീപത്തായി ഇവർ ഒരു വീട് പണിയുന്നുണ്ട്. വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഉടന്‍ നടത്തണമെന്നും അതിനായി തിരിച്ചെത്തുമെന്നും പറഞ്ഞാണ് രഞ്ജിത മടങ്ങിയത്. അമ്മയും പത്തിലും മൂന്നിലും പഠിക്കുന്ന രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് രഞ്ജിതയുടെ കുടുംബം. അമ്മ തുളസിക്കുട്ടിയമ്മ കാൻസർ രോഗിയാണ്.

242 പേരുമായി അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ജനവാസ മേഖലയിലേക്ക് പതിച്ച് തീഗോളമായി മാറുകയായിരുന്നു. ബിജെ മെഡിക്കല്‍ കോളേജിലേയും മെഘാനിനഗര്‍ സിവില്‍ ആശുപത്രിയുടേയും റെസിഡന്‍ഷ്യല്‍ കോര്‍ട്ടേഴ്സുകളും ഹോസ്റ്റലുമാണ് ഇവിടെ ഉണ്ടായിരുന്നത്. അപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹോസ്റ്റലിലെ വിദ്യാര്‍ഥികളും ഇതിന് സമീപ പ്രദേശത്തുണ്ടായിരുന്നവരും വിമാനത്തിലെ അംഗങ്ങളുമടക്കം 279 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം വിമാനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

അതേസമയം, മരിച്ചവരെ തിരിച്ചറിയാനായി ബന്ധുക്കളും അഹമ്മദാബാദിലേക്ക് തിരിച്ചിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ ബന്ധുക്കള്‍ക്ക് ഉറ്റവരെ തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. മരിച്ച യാത്രക്കാരെ തിരിച്ചറിയുന്നതിനുള്ള ഡിഎന്‍എ സാമ്പിളുകള്‍ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ശേഖരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com