ഡൽഹി: വായു മലിനീകരണത്തെ തുടർന്ന് രാജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയ GRAP-IV നിയന്ത്രണങ്ങൾ പിൻവലിച്ചാലും കർശന പരിശോധന തുടരുമെന്ന് അധികൃതർ. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്നും, അങ്ങനെയുള്ള വാഹനങ്ങൾ ഓടിക്കുന്നത് കണ്ടാൽ 10,000 രൂപ പിഴയീടാക്കുമെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ അറിയിച്ചു. നിയന്ത്രണങ്ങൾ പിൻവലിക്കുമ്പോൾ, നഗരത്തിലുടനീളം നടത്തിയ പരിശോധനയിൽ നിയമലംഘകരുടെ എണ്ണത്തിൽ വർധന ഉണ്ടെന്ന് കണ്ടെത്തി. ഇതാണ് സർക്കാരിനെ നിയമങ്ങൾ കർശനമാക്കാൻ പ്രേരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
മലിനീകരണ നിയന്ത്രണ നടപടികൾക്കൊപ്പം, അടുത്ത സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ സിറ്റി ബസ് സർവീസുകളുടെ പ്രവർത്തന നിയന്ത്രണം ഡിഐഎംടിഎസിൽ നിന്ന് ഡിടിസിയിലേക്ക് മാറ്റുന്നതിനുള്ള പ്രധാന പരിഷ്കരണത്തിനും മന്ത്രിസഭ അംഗീകാരം നൽകി. കാര്യക്ഷമത, ഉത്തരവാദിത്തം, സേവന വിതരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി എല്ലാ ബസ് പ്രവർത്തനങ്ങളെയും ഒരൊറ്റ അതോറിറ്റിയുടെ കീഴിൽ കൊണ്ടുവരിക എന്നതാണ് ഇതിനുപിന്നിലുള്ള ലക്ഷ്യം.
വരും ദിവസങ്ങളിൽ നാല് പുതിയ ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിങ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഈ കേന്ദ്രങ്ങൾ വാണിജ്യ വാഹനങ്ങൾക്ക് ഫിറ്റ്നസ്, എമിഷൻ പരിശോധനകൾ നടത്തും. ഇത് മനുഷ്യരുടെ ഇടപെടൽ കുറയ്ക്കുകയും സുതാര്യത മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് കണക്കുക്കൂട്ടപ്പെടുന്നത്. ആവശ്യം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ വാണിജ്യ വാഹന പരിശോധന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.