

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിനിടെ ഡല്‍ഹിയില്‍ പത്ത് വയസ്സുകാരന് ദാരുണാന്ത്യം. പടക്കം പൊട്ടിക്കുന്നതിനിടയിലുണ്ടായ അപകടത്തിലാണ് കുട്ടി മരിച്ചത്. കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു അപകടം.
ഋഷി എന്നാണ് മരിച്ച കുട്ടിയുടെ പേര്. സ്കൈ റോക്കറ്റ് എന്ന് പേരുള്ള പടക്കം പൊട്ടുകയായിരുന്നു. ആകാശത്തേക്ക് കുതിച്ചുയരേണ്ട സ്കൈ റോക്കറ്റ് ഋഷിയുടെ നെഞ്ചിലേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ നരേഖയിലെ സത്യവാദി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ മകന്റെ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തി.
ആശുപത്രിയിലെത്തിച്ച കുട്ടിയെ അധികൃതര്‍ വേണ്ട രീതിയില്‍ പരിഗണിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗുരുതരമായി പരിക്കേറ്റ സഹോദരനെ ഡോക്ടര്‍മാര്‍ എമര്‍ജന്‍സി കേസായി പരിഗണിച്ചില്ലെന്ന് ഋഷിയുടെ സഹോദരന് പറയുന്നു.
അത്യാഹിത വിഭാഗത്തില്‍ എത്തിയ കേസായിട്ടുകൂടി ഡോക്ടര്‍മാര്‍ പെട്ടെന്ന് വന്ന് നോക്കിയില്ല. അവര്‍ വളരെ പതുക്കെയാണ് സഹോദരന്റെ അടുത്തേക്ക് വന്നത്. നെഞ്ചില്‍ അമര്‍ത്തുക മാത്രമാണ് ചെയ്തതെന്ന് സഹോദരന് മോഹിത് പറഞ്ഞു.
കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചയുടനെ ആശുപത്രിയിലെത്തിയ കുട്ടിയുടെ പിതാവ് ബോധരഹിതനായി വീണു. പിതാവിനെ പരിചരിക്കുന്നതിനിടയിലാണ് ഋഷിയുടെ മൃതദേഹം മാറ്റിയതെന്നും കുടുംബം പറയുന്നു. 'എന്റെ സഹോദരനെ രക്ഷിക്കാമായിരുന്നു, അവന് ജീവനോടെയുണ്ടായിരുന്നു,' മോഹിത് കൂട്ടിച്ചേര്‍ത്തു.