
ഡല്‍ഹിയില്‍ കനത്ത ചൂടില്‍ നിന്ന് ആശ്വാസമായി മഴ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതില്‍ ഇടിയോടു കൂടിയ മഴ ലഭിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ടായിരുന്നു. ഡല്‍ഹിയില്‍ കനത്ത ഇടിയും കാറ്റുമുണ്ടാകുമെന്ന് കാലാസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ താമസിക്കുന്നവരോട് പുറത്തിറങ്ങരുതെന്നും വീട്ടില്‍ തന്നെ കഴിയണമെന്നും അറിയിച്ചു.
മണിക്കൂറില്‍ 80-100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജൂണ്‍ 19 വരെയാണ് മഴ മുന്നറിയിപ്പ്.
ഡല്‍ഹിയില്‍ വെള്ളിയാഴ്ച ഉയര്‍ന്ന ചൂടായ 41.2 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ചൂട് കനത്തതോടെ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പകല്‍ സമയങ്ങളിലെ ചൂട് 41 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് റെഡ് അലേര്‍ട്ട് നല്‍കിയത്.
ഡല്‍ഹിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഉഷ്ണതരംഗ സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിലയിടങ്ങളില്‍ മണിക്കൂറില്‍ 20 മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ പൊടിപടലമുള്ള ചൂടുള്ള കാറ്റും വീശും.