

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. മുഖ്യ പ്രതികൾക്ക് ആയുധങ്ങൾ എത്തിച്ച് നൽകിയ രണ്ട് വനിതകളടക്കം നാല് പേരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയത്. രാധ, ബബിത എന്നിവരെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും കുനാൽ, സുമിത് എന്നിവരെ ഹരിയാനയിലെ സോനിപത്തിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ മുംബൈ പൊലീസിന് കൈമാറി. നേരത്തെ നടനെ ആക്രമിച്ച മൂന്ന് ഹരിയാന സ്വദേശികളെ പൊലീസ് രാജസ്ഥാനിലെ കോട്ടയിൽ നിന്ന് പിടികൂടിയിരുന്നു.
എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷൻ വഴി നിർദേശങ്ങൾ നൽകി ഇവരുടെ നീക്കങ്ങൾ ഏകോപിപ്പിച്ചത് അനിൽ പണ്ഡിറ്റ് ആണെന്ന് പൊലീസ് അറിയിച്ചു. സ്പെഷ്യൽ സെൽ പുറത്തിറക്കിയ പ്രസ്താവന പ്രകാരം അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയ കുനാലിനെ ഹരിയാനയിലുള്ള ഒരു സുഹൃത്താണ് അനിൽ പണ്ഡിറ്റിന് പരിചയപ്പെടുത്തിയത്. തുടർന്ന് ഇരുവരും എൻക്രിപ്റ്റഡ് മെസേജിങ് ആപ്ലിക്കേഷൻ വഴി ആശയവിനിമയം നടത്തിവരികയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ടൈഗർ ഷ്റോഫിനുനേരെ മുംബൈയിൽ നടന്ന വെടിവെപ്പിന് പിന്നിലെ ഗൂഡാലോചന കേന്ദ്രം അനിൽ പണ്ഡിറ്റാണെന്നായിരുന്നു രാജസ്ഥാൻ പൊലീസിന്റെ നിഗമനം. കേസിൽ ഉൾപ്പെട്ട പ്രതിക്ക് അനിൽ പണ്ഡിറ്റ് 2.5 ലക്ഷം രൂപ മുൻകൂറായി നൽകിയെന്നും ആക്രമണം നടത്താൻ പ്രതിയായ റെഹാന് 34,000 രൂപ വാഗ്ദാനം ചെയ്തതായും വിവരമുണ്ട്. കൊലപാതകത്തിനുശേഷം പ്രതികളെ വിദേശത്തേക്ക് അയക്കാമെന്നും ഇയാൾ ഉറപ്പുനൽകിയിരുന്നുവെന്നും രാജസ്ഥാൻ പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, ആക്രമണം നടത്തിയ ലോറൻസ് ബിഷ്ണോയ് സംഘത്തിൻ്റെ യഥാർഥ ലക്ഷ്യം നടൻ സൽമാൻ ഖാൻ ആയിരുന്നുവെന്നാണ് മുംബൈ പൊലീസിനെ ഉദ്ധരിച്ച് അടുത്ത വൃത്തങ്ങൾ പറയുന്നത്. സൽമാൻ ഖാനെ ആക്രമിക്കാൻ ബാന്ദ്രയിലെ വീട്ടിൽ അക്രമി സംഘം എത്തിയെങ്കിലും കനത്ത സുരക്ഷ കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ അമിത് പണ്ഡിറ്റിൻ്റെ നിർദേശ പ്രകാരം സുരക്ഷ കുറഞ്ഞ ടൈഗർ ഷ്റോഫിനെ അക്രമിസംഘം ലക്ഷ്യം വച്ചത്. എല്ലാ ഞായറാഴ്ചകളിലും ഫുട്ബോൾ കളിക്കാൻ പോകുന്ന താരത്തിന് സുരക്ഷ കുറവാണെന്നത് സമൂഹമാധ്യമത്തിലൂടെയാണ് സംഘം തിരിച്ചറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. സൽമാൻ ഖാന് നേരെ മുൻപും ബിഷ്ണോയ് സംഘത്തിന്റെ വധശ്രമം ഉണ്ടായിട്ടുണ്ട്.