

ഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ഡൽഹിയിൽ ബസുകൾക്ക് നിയമങ്ങൾ കർശനമാക്കി ഗതാഗത വകുപ്പ്. പുതിയ നിർദേശങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുകൾ ഉൾപ്പെടെ ഡൽഹിയിലെ എല്ലാ ബസ് ഓപ്പറേറ്റർമാർക്കും ബാധകമാണ്. ബസുകളിൽനിർബന്ധിത സുരക്ഷാ ഉപകരണങ്ങളും സംവിധാനങ്ങളും സ്ഥാപിക്കുക മാത്രമല്ല, പ്രവർത്തനക്ഷമമായി തുടരുകയും ചെയ്യണമെന്ന് ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രധാന നിർദേശങ്ങൾ;
ഡൽഹിയിൽ സർവീസ് നടത്തുന്ന എല്ലാ ബസുകളിലും പാനിക് ബട്ടണുകളും വാഹന ട്രാക്കിംഗ് ഉപകരണങ്ങളും മുഴുവൻ സമയവും പ്രവർത്തനക്ഷമമായിരിക്കണം
പാനിക് ബട്ടണുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതായിരിക്കണം
വിൻഡോകളിൽ കർട്ടനുകളും ഫിലിമുകൾ ഒട്ടിക്കുന്നതും നിരോധിച്ചു
രാത്രിസമയങ്ങളിൽ സുരക്ഷിതവും വെളിച്ചമുള്ളതുമായ സ്ഥലങ്ങളിൽ മാത്രമേ ബസുകൾ പാർക്ക് ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകി
എല്ലാ ബസുകളിലും അഗ്നിശമന ഉപകരണങ്ങളും പ്രഥമശുശ്രൂഷ കിറ്റുകളും ഉണ്ടായിരിക്കണം
"യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിട്ടുവീഴ്ച ചെയ്യാനാവില്ല. ഡൽഹിയിൽ സർവീസ് നടത്തുന്ന ഓരോ ബസും നിശ്ചിത സുരക്ഷാ, പ്രവർത്തന മാനദണ്ഡങ്ങൾ പാലിക്കണം, അവശ്യ സംവിധാനങ്ങളും ഉപകരണങ്ങളും എല്ലായ്‌പ്പോഴും പ്രവർത്തനക്ഷമമായി തുടരണം. പൊതുഗതാഗതം ഓരോ യാത്രക്കാർക്കും സുരക്ഷിതവും കൂടുതൽ വിശ്വസനീയവുമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്" എന്ന് ഗതാഗത മന്ത്രി ഡോ. പങ്കജ് കുമാർ സിംഗ് പറഞ്ഞു
അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ ഡൽഹിയിൽ സർവീസ് നടത്തുന്ന എല്ലാ ബസുകൾക്കും പുതിയ നിർദേശങ്ങൾ ബാധകമാണ്. രാജ്യതലസ്ഥാനത്തും പരിസരത്തും സർവീസ് നടത്തുന്ന ബസുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനും അധികൃതർ കൂടുതൽ ശ്രദ്ധ നൽകുകയാണ് ഇപ്പോൾ. 16 വയസുകാരിയെ ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ സ്വകാര്യ സ്ലീപ്പർ ബസ് സഞ്ചരിച്ചതായി പറയപ്പെടുന്ന 43 കിലോമീറ്റർ പാതയിൽ സുരക്ഷയും നിരീക്ഷണ സംവിധാനങ്ങളുമില്ലെന്ന പരാതി ഉയർന്നിരുന്നു.
ഗ്രേറ്റർ നോയിഡയിലെ പരി ചൗക്കിൽ നിന്ന് വടക്കൻ ഡൽഹിയിലേക്കുള്ള പാതയിലായിരുന്നു ഈ വൻ സുരക്ഷാ വീഴ്ച. 43 കിലോമീറ്റർ പാതയിൽ ആകെ രണ്ട് പൊലീസ് പരിശോധന മാത്രമാണ് ഉള്ളത്. പ്രധാന ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്നലുകളിലടക്കം സിസിടിവികൾ കാണാനില്ല. ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ഡൽഹി- നോയിഡ അതിർത്തിയിലെ മായൂർ വിഹാറിൽ ബാരിക്കേഡുണ്ടെങ്കിലും പകൽ സമയങ്ങളിൽ പോലും പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാറില്ലെന്നാണ് ആക്ഷേപം.
ഓഗസ്റ്റ് 4-ന് രാത്രിയാണ് പെൺകുട്ടി പരി ചൗക്കിൽ നിന്ന് ബസിൽ കയറിയത്. നോയിഡ സെക്ടർ 63-ൽ ഇറങ്ങാനിരിക്കെ ബസിൽ വച്ച് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് ആരോപണം. തുടർന്ന് കശ്മീർ ഗേറ്റിന് സമീപം പെൺകുട്ടിയെ ഇറക്കിവിടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.