

ഡൽഹി: സിജെപിയുടെ തിരംഗ മാർച്ചിന് മുന്നോടിയായി സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിൽ എടുത്ത് ഡൽഹി പൊലീസ്. വീട്ടിൽ നിന്ന് സമരമുഖത്തേക്ക് നീങ്ങിയ ദീപ്കെയെ നാടകീയമായി പൊലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
അതിനിടെ പൊലീസ് വിലക്ക് ലംഘിച്ച് സിജെപിയുടെ തിരംഗ മാർച്ചിന് തുടക്കമായി. വിവിധയിടങ്ങളി ദേശീയ പതാകയേന്തി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. സിജെപിക്കൊപ്പം ഐസയും എഎപിയും റാലിയുടെ ഭാഗമായി. പ്രതിഷേധത്തിനിടെ നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകുന്നേരം അഭിജിത് ദീപ്കെയുടെ വീട്ടിൽ ഡൽഹി പൊലീസ് എത്തിയിരുന്നു. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടത്താൻ നിശ്ചയിച്ച ലെഹ്രാ ദോ തിരംഗ പ്രതിഷേധ പരിപാടിയിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് പൊലീസ് എത്തിയത്.
തൻ്റെ വീടിന് ചുറ്റും രഹസ്യാന്വേഷണ വിഭാഗവും ഡൽഹി പൊലീസും കടുത്ത നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ദീപ്കെ ആരോപിച്ചു. അറസ്റ്റ് വരിക്കാൻ തയ്യാറാണെന്നും ദേശീയ പതാകയുമായി സമാധാനപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയാണ് ദീപ്കെ റാലിക്കെത്തിയത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടും, ദേശീയ പതാക ഉയർത്തിയതിൻ്റെ പേരിൽ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ജയിലിലടച്ചതിൽ പ്രതിഷേധിച്ചുമാണ് സിജെപിയുടെ തിരംഗ മാർച്ച്. ക്രമസമാധാന പ്രശ്നങ്ങളും വ്യാപാരികളുടെ സുരക്ഷയും മുൻനിർത്തി തിരംഗ യാത്രയ്ക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.