ഇന്നേക്ക് പത്ത് കൊല്ലം; മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം യഥാര്‍ത്ഥ്യത്തില്‍ ഫലം കണ്ടോ?

2016 നവംബർ 8-ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് പത്ത് വർഷം. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ പ്രഖ്യാപനത്തിന് പിന്നിലെ ലക്ഷ്യങ്ങളും രാജ്യത്തുണ്ടായ പ്രത്യാഘാതങ്ങളും
ഇന്നേക്ക് പത്ത് കൊല്ലം; മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം യഥാര്‍ത്ഥ്യത്തില്‍ ഫലം കണ്ടോ?
2016 നവംബർ 8-ന് നോട്ട് നിരോധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Published on: 
Updated on: 

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയ നോട്ട് നിരോധനത്തിന് ഇന്ന് 10 വര്‍ഷം. 2016 നവംബര്‍ 8 ആം തീയതി രാത്രി 8 മണിക്കാണ് അപ്രതീക്ഷിതമായ ആ പ്രഖ്യാപനം വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ദൂരദര്‍ശനത്തില്‍ തത്സമയം എത്തുന്നു. പ്രിയപ്പെട്ട സഹോദരി സഹോദരന്‍മാരെ പ്രധാനപ്പെട്ട വിവരം പറയാനാണ് ഞാന്‍ ഈ സമയത്ത് തത്സമയം എത്തിയതെന്ന ആമുഖത്തോടെ തുടങ്ങിയ പ്രധാനമന്ത്രി, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചും, പണപ്പെരുപ്പത്തെയും കുറിച്ചും വാചാലനായി. പിന്നീട് നേരെ വിഷയത്തിലേക്കും.

രാജ്യത്തെ 500, 1000 നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അതായത് 12 മണി മുതല്‍ വെറും കടലാസ് മാത്രമായി മാറുമെന്ന് പ്രഖ്യാപനം നടത്തുന്നു. ഈ രണ്ട് നോട്ടുകളും നിയമപരമല്ലാത്ത കറന്‍സിയായി മാറുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ വാര്‍ത്ത കോടിശ്വരന്‍മാരെ മുതല്‍ പാവപ്പെട്ടവരെ പോലും ഞെട്ടിച്ചു. അന്ന് ജോലി ചെയ്ത് കിട്ടിയ പണം നാളെ മുതല്‍ മൂല്യമില്ലാത്ത വെറും കടലാസ് ആയെന്ന തിരിച്ചറിവില്‍ പലരും മോഹാലസ്യപ്പെട്ടു വീണു, പലരും പണം കൈയിലെടുത്ത് വിലപിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

എന്തിനായിരുന്നു നോട്ട് നിരോധനം?

കള്ളപ്പണം തടയുക, കള്ളനോട്ടുകളുടെ വിതരണം അവസാനിപ്പിക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കുക, അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നിവയായിരുന്നു നോട്ട് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി അക്കമിട്ട് വാദങ്ങള്‍ നിരത്തി. 500 രൂപയുടെ പുതിയ നോട്ടുകളും അതോടൊപ്പം ആദ്യമായി 2000 രൂപയുടെ പുതിയ നോട്ടുകളും റിസര്‍വ് ബാങ്ക് പുറത്തിറക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കയ്യിലുള്ള പഴയ നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും നിക്ഷേപിക്കുന്നതിനായി 2016 ഡിസംബര്‍ 30 വരെ (50 ദിവസത്തെ സമയം) പൊതുജനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇതിന് പിന്നാലെ രണ്ടായിരത്തിന്റെയും ഇരുന്നൂറിന്റെയും നോട്ടുകള്‍ ഘട്ടംഘട്ടമായി 50, 100 രൂപാ നോട്ടുകള്‍കൂടി പുറത്തിറക്കി (പഴയത് നിരോധിക്കാതെ തന്നെ). എന്നാല്‍ പിന്നീട് രണ്ടായിരത്തിന്റെയും ഇരുന്നൂറിന്റെയും 100ന്റെയും നോട്ടുകള്‍ റിസര്‍വ് ബാങ്ക് തിരികെ വിളിച്ചു. പകരം 500ന്റെയും 100 ന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തു.

നവംബര്‍ എട്ടിന് കിട്ടിയ എട്ടിന്റെ പണിക്ക് ഫലം ഉണ്ടായോ?

ആയിരത്തിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ച് പത്തുവര്‍ഷം തികയുമ്പോള്‍ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കാനായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരോധിച്ച നോട്ടുകളുടെ മൂല്യത്തിന്റെ 86 ശതമാനവും തിരിച്ചെത്തിയതിനു പിന്നാലെ പണത്തിന്റെ പ്രചാരത്തിലും അഴിമതിയിലും കാര്യമായ കുറവുണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കള്ളപ്പണം വെളുപ്പിക്കലും ഹവാല ഇടപാടുകളും തടയുന്നതിലും ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടിട്ടില്ല. ബേസല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗവേണന്‍സിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ സൂചികയില്‍ 2014ല്‍ 162 രാജ്യങ്ങളില്‍ 88ആംസ്ഥാനത്തായിരുന്ന ഇന്ത്യ 2025ല്‍ 177 രാജ്യങ്ങളില്‍ 60ആം സ്ഥാനത്തായി.

ഈ സൂചികയില്‍ ഉയര്‍ന്ന സ്ഥാനത്തേക്ക് നീങ്ങുന്നത് കൂടുതല്‍ അപകടസാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ആയുധക്കടത്തുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യ സൂചികയിലും ഇന്ത്യയുടെ നില മെച്ചപ്പെട്ടിട്ടില്ല. 2021ല്‍ 5.5 ആയിരുന്ന കുറ്റകൃത്യ സൂചികാ സ്‌കോര്‍ 2023ലും 2025ലും ആറായി തുടര്‍ന്നു.ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നതിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് മറ്റൊരു കണ്ടെത്തല്‍. 2024ലെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) വിലയിരുത്തലില്‍ ഭീകരവാദ ധനസഹായം തടയാനുള്ള ഇന്ത്യയുടെ ശേഷി മിതമായ നിലവാരത്തിലാണെന്നാണ് രേഖപ്പെടുത്തിയത്. 2018 മുതല്‍ 2023 വരെ ഭീകരവാദ ധനസഹായവുമായി ബന്ധപ്പെട്ട കേസുകളില്‍ 1,530 പേരെ വിചാരണ ചെയ്തെങ്കിലും 89 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഏകദേശം ആറു ശതമാനമാണ് ശിക്ഷാനിരക്ക്.അഴിമതിയുടെ കാര്യത്തിലും പ്രഖ്യാപിത ലക്ഷ്യം കൈവരിച്ചില്ല. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതി ധാരണാ സൂചികയില്‍ 2013ല്‍ 94ആം സ്ഥാനത്തായിരുന്ന ഇന്ത്യ 2025ല്‍ 91ആം സ്ഥാനത്താണ്. തെരഞ്ഞെടുപ്പുകളിലെ കള്ളപ്പണത്തിന്റെ ഉപയോഗവും തടയാനായിട്ടില്ല.

കള്ളനോട്ടുകളുടെ ഒഴുക്കില്‍ തടസം നേരിട്ടോ?

കള്ളനോട്ടുകളുടെ കാര്യത്തില്‍ വളരെ ചില കുറവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 2014-15ല്‍ ബാങ്കുകളില്‍ കണ്ടെത്തിയ കള്ളനോട്ടുകള്‍ ആകെ നോട്ടുകളുടെ 0.00071 ശതമാനമായിരുന്നെങ്കില്‍ 2025-26ല്‍ ഇത് 0.00013 ശതമാനമായി കുറഞ്ഞു. കള്ളനോട്ടുകളുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനങ്ങള്‍ ഫയല്‍ ചെയ്യുന്ന റിപ്പോര്‍ട്ടുകളുടെ എണ്ണത്തിലും കുറവുണ്ടായി. എന്നാല്‍, 2020നുശേഷം പൊലിസും അന്വേഷണ ഏജന്‍സികളും പിടിച്ചെടുക്കുന്ന വ്യാജ കറന്‍സിയുടെ അളവില്‍ ചില വര്‍ഷങ്ങളില്‍ വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. 2022ല്‍ മാത്രം 382 കോടി രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.

നോട്ട് നിരോധനത്തിന് ശേഷമുള്ള ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ പ്രധാന മാറ്റങ്ങള്‍

1. ഡിജിറ്റല്‍ ഇടപാടുകളിലെ വിപ്ലവം

നോട്ട് നിരോധനത്തിന് ശേഷം രാജ്യം കണ്ടത് ഏറ്റവും വലിയ മാറ്റം ഡിജിറ്റല്‍ പേയ്മെന്റുകളുടെ വളര്‍ച്ചയാണ്. 2016-ല്‍ തുടക്കം കുറിച്ച യുപിഐ ഇടപാടുകള്‍ ഇന്ന് രാജ്യത്തെ സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറി. 2016 ഡിസംബറില്‍ കേവലം 20 ലക്ഷത്തോളമായിരുന്ന യുപിഐ ഇടപാടുകള്‍, പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതിമാസം 2,400 കോടിയിലധികം എന്ന സംഖ്യയിലേക്ക് എത്തിനില്‍ക്കുന്നു.

2.വിപണിയിലെ കറന്‍സി ലഭ്യത

രാജ്യത്തെ പണമിടപാടുകള്‍ കുറയ്ക്കാനും കള്ളപ്പണം തടയാനുമാണ് നോട്ട് നിരോധനം കൊണ്ടുവന്നതെങ്കിലും വിപണിയിലെ പണത്തിന്റെ ഒഴുക്ക് വീണ്ടും വര്‍ധിച്ചു.

നോട്ട് നിരോധന സമയത്ത് വിപണിയിലുണ്ടായിരുന്ന കറന്‍സി മൂല്യം ഏകദേശം 17.77 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ പത്ത് വര്‍ഷത്തിന് ശേഷം റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം വിപണിയിലെ പണത്തിന്റെ മൂല്യം ഇരട്ടിയിലധികമായി വര്‍ദ്ധിച്ച് 43 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി. ജിഡിപിയുമായി താരതമ്യം ചെയ്യുമ്പോള്‍ പണത്തിന്റെ ഉപയോഗം നോട്ട് നിരോധനത്തിന് മുന്‍പുള്ള അതേ നിരക്കിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

3. നികുതി പരിധിയിലെ വര്‍ദ്ധനവ്

നോട്ട് നിരോധനത്തോടെ ബാങ്കിങ് ചാനലുകളിലേക്ക് പണം എത്തിയതുവഴി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. രാജ്യത്തെ നികുതി അടിത്തറ വികസിക്കുകയും നികുതി വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.

4.നോട്ടുകളുടെ തിരിച്ചുവരവും 2,000 നോട്ടിന്റെ തിരിച്ചെടുക്കലും

നിരോധിച്ച 500, 1000 രൂപ നോട്ടുകളുടെ 99.3% പണവും ബാങ്കുകളിലേക്ക് തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് പിന്നീട് വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധനത്തിന് ശേഷം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 2,000 രൂപയുടെ നോട്ടുകള്‍ പിന്നീട് 2023 മെയ് മാസത്തില്‍ വിപണിയില്‍ നിന്ന് ഘട്ടംഘട്ടമായി പിന്‍വലിക്കുകയും ചെയ്തു.

ഏതായാലും നോട്ട് നിരോധത്തിന്റെ കയ്‌പ്പേറിയ ഓര്‍മകളിലൂടെ രാജ്യം സഞ്ചരിക്കുമ്പോഴും കള്ളപ്പണവും കള്ളനോട്ടുകളും പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ സാധിച്ചോ എന്ന കാര്യത്തില്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ഇപ്പോഴും ഭിന്നസ്വരങ്ങളുണ്ടെങ്കിലും, ഇന്ത്യയെ ഒരു ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതില്‍ നവംബര്‍ 8-ലെ ആ തീരുമാനം വലിയൊരു പ്രേരണയായി മാറി എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.