കർണാടക: ധർമ്മസ്ഥലയിലെ പുതിയ പോയിൻ്റിൽ നിന്നും കുഴിച്ചെടുത്ത അസ്ഥിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിലെ ആശയക്കുഴപ്പങ്ങള്‍ അവസാനിച്ചു. സാക്ഷി ചൂണ്ടിക്കാണിച്ച മേഖലയിൽ നിന്ന് ലഭിക്കുന്ന അജ്ഞാത മൃതദേഹങ്ങളുടെ കേസുകൾ എല്ലാം എസ്ഐടി തന്നെ അന്വേഷിക്കും.
ഇന്നലെ നടത്തിയ പരിശോധനയിലാണ് നൂറിലേറെ അസ്ഥിഭാഗങ്ങൾ കണ്ടെത്തിയത്. ചിന്നിച്ചിതറിയ അസ്ഥിഭാഗത്തിന് അധികം പഴക്കമുണ്ടായിരുന്നില്ല. ശരീരഭാഗങ്ങളും മുണ്ടും ഷർട്ടും കയറും സാരിയും ഇവിടെ നിന്ന് ലഭിച്ചിരുന്നു. താടിയെല്ല് പുരുഷൻ്റെതാണെന്ന് സ്ഥിരീകരിച്ചെങ്കിലും അസ്ഥികൾ ഒന്നിൽ കൂടുതൽ ആളുകളുടേതാണോ എന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.
എന്നാൽ നിലവിലെ മൃതദേഹത്തിന് രണ്ട് വർഷത്തിൽ താഴെമാത്രം പഴക്കമുള്ളതിനാൽ ഇത് ധർമ്മസ്ഥല പൊലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു എസ്ഐടിയുടെ പക്ഷം. എന്നാൽ പഴക്കം ശാസ്ത്രീയമായി തെളിയിക്കാതെ അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടാണ് ലോക്കൽ പൊലീസ് സ്വീകരിച്ചത്. ലഭിച്ച അസ്ഥികൾ, ടിഷ്യു, വസ്ത്ര ഭാഗങ്ങൾ എന്നിവ ബാഗ്ലൂരിലെ ഫോറൻസിക് സയൻസ് ലാബിലേക്കും അയച്ചു. കാലപ്പഴക്കം, ജെൻൻ്റർ, മരണകാരണം തുടങ്ങിയവ കണ്ടെത്താനാണ് പരിശോധന. ഒപ്പം ലഭിച്ച ടിഷ്യുവിൽ നിന്ന് DNA സാമ്പിളുകളും ശേഖരിക്കും.
അതേസമയം, നേത്രാവതി സ്നാനഘട്ടിന് സമീപത്തെ പതിനൊന്നാം സ്പോട്ടിൽ കുഴിച്ചുള്ള പരിശോധന നടത്തി. റോഡിനോട് ചേർന്നുള്ള ഭാഗമായതിനാൽ അസ്ഥി ലഭിക്കുമെന്ന് സാക്ഷി ആവർത്തിച്ചെങ്കിലും ഒന്നും ലഭിച്ചില്ല. തുടർന്നുള്ള പോയിൻ്റുകളിലും സമാനമായ രീതിയിൽ പരിശോധന നടത്താനാണ് എസ്‌ഐടിയുടെ തീരുമാനം.