
ധര്‍മസ്ഥല: കൂട്ടക്കൊല വെളിപ്പെടുത്തലില്‍ കൂടുതല്‍ സാക്ഷികള്‍ രംഗത്ത്. ശുചീകരണ തൊഴിലാളി മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടെന്നാണ് മൊഴി. പ്രദേശവാസികളായ ആറ് പേരാണ് അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്.
വിവാദ വെളിപ്പെടുത്തലില്‍ ഏഴാം ദിവസവും അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അവസാന പോയിന്റായ പതിമൂന്നാമത്തെയിടത്ത് പരിശോധന നടത്താനായിരുന്നു തീരുമാനം. എന്നാല്‍, സാക്ഷി കൂടുതല്‍ സ്ഥലങ്ങള്‍ കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ 11-എ എന്ന് അടയാളപ്പെടുത്തിയ സ്ഥലത്താണ് ഇന്ന് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലമാണ് 11-എ ആയി അടയാളപ്പെടുത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തില്‍ താഴെ കാലപ്പഴക്കമുള്ള അസ്ഥിഭാഗങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഇതിനിടയിലാണ് കൂടുതല്‍ പേര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
പൊലീസ് സാക്ഷിയായ ശുചീകരണ തൊഴിലാളി കാട്ടില്‍ മൃതദേഹങ്ങള്‍ കുഴിച്ചിടുന്നത് കണ്ടിരുന്നുവെന്നാണ് പ്രദേശവാസികള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനു ശേഷം തുടര്‍ നടപടികള്‍ ഉണ്ടാകും.
അതേസമയം, അന്വേഷണം പഞ്ചായത്ത് ഉദ്യോഗസ്ഥരിലേക്കും വ്യാപിപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. 1995 മുതല്‍ 2015 വരെ ധര്‍മസ്ഥല പഞ്ചായത്തില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടിക അന്വേഷണ സംഘം ശേഖരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും വിവരങ്ങളും എടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ മറവ് ചെയ്ത് ഒളിപ്പിച്ചതില്‍ പഞ്ചായത്തിനും പങ്കുണ്ടെന്ന് സാക്ഷിയുടെ അഭിഭാഷകര്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പതിനൊന്നാം പോയിന്റിന് സമീപത്തു നടത്തിയ പരിശോധനയ്ക്കിടയിലാണ് അസ്ഥികള്‍ക്ക് പുറമെ, ഒരു സാരിയും പുരുഷന്റെ ചെരുപ്പും കണ്ടെത്തിയിരുന്നു. നേരത്തെ, ആറാം നമ്പര്‍ പോയിന്റില്‍ നിന്നും മനുഷ്യാസ്ഥികള്‍ കണ്ടെത്തിയിരുന്നു. 11, 12 പോയിന്റുകളില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. 11-ാം പോയിന്റില്‍ നിന്നും എണ്‍പത് മീറ്റര്‍ അകലെ നിന്നാണ് കഴിഞ്ഞ ദിവസം അസ്ഥികള്‍ ലഭിച്ചത്.