
കര്‍ണാടക: ധര്‍മസ്ഥല പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെതിരെ സാക്ഷിയുടെ അഭിഭാഷകന്റെ പരാതി. സിര്‍സി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറും എസ്‌ഐടി അംഗവുമായ മഞ്ജുനാഥ ഗൗഡയ്ക്കെതിരെയാണ് പരാതി. പരാതി പിന്‍വലിക്കാന്‍ സാക്ഷിയെ നിര്‍ബന്ധിച്ചുവെന്നാണ് അഭിഭാഷകന്റെ ആരോപണം.
ഗുരുതര ആരോപണങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ അഭിഭാഷകന്‍ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. സമ്മര്‍ദം മൂലമാണ് പരാതി നല്‍കിയതെന്ന് സാക്ഷിയെ കൊണ്ട് പറയിപ്പിച്ചു. ഇത് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. സാക്ഷിയെ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ കിടക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
മഞ്ജുനാഥ ഗൗഡയെ അന്വേഷണ സംഘത്തില്‍ നിന്ന് അടിയന്തരമായി മാറ്റണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ആഭ്യന്തര വകുപ്പിനും ഇ-മെയില്‍ വഴി പരാതി നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് ഒന്നിന് മഞ്ജുനാഥ് ഗൗഡ സാക്ഷിയെ ബെല്‍ത്തങ്ങാടിയിലെ എസ്‌ഐടി ക്യാമ്പിലേക്ക് വിളിച്ചു വരുത്തിയത്. ഇവിടെ വെച്ച് അടച്ചിട്ട മുറിയില്‍വെച്ച് സാക്ഷിയെ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി. പരാതിയുമായി മുന്നോട്ടുപോയാല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഇനിയുള്ള കാലം ജയിലില്‍ കഴിയേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് സാക്ഷിയെകൊണ്ട് മൊഴി മാറ്റിപ്പറയിപ്പിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, ധര്‍മസ്ഥലയില്‍ ഇന്നും തെളിവെടുപ്പ് തുടരുകയാണ്. ഒമ്പത്, പത്ത് സ്‌പോട്ടുകളിലാണ് ഇന്ന് കുഴിയെടുത്ത് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ടെത്തിയ അസ്ഥിഭാഗങ്ങളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് എസ്‌ഐടിക്ക് ഇന്ന് കൈമാറും.