"കുട്ടികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കുന്നു"; രാഹുൽ ഗാന്ധിക്കെതിരെ ധര്‍മേന്ദ്ര പ്രധാനും ജിതേന്ദ്ര സിങ്ങും

"നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചാല്‍ സമരം അവസാനിപ്പിക്കാം എന്നായിരുന്നു രാഹുല്‍ ഗാന്ധി ആദ്യം പറഞ്ഞത്"
"കുട്ടികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കുന്നു"; രാഹുൽ ഗാന്ധിക്കെതിരെ ധര്‍മേന്ദ്ര പ്രധാനും ജിതേന്ദ്ര സിങ്ങും
ANI
Published on
Updated on

രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. വിദ്യാർഥികളുടെ യഥാർഥ ആശങ്കകൾക്ക് പരിഹാരം കണ്ടെത്തുന്നതിനുപകരം അവരെ രാഷ്ട്രീയ ആയുധമാക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തടസപ്പെടുത്തുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധം രാഷ്ട്രീയ നാടകമാണ്. നീറ്റ് വിഷയത്തിൽ വിദ്യാർഥികളിൽ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് പ്രതിപക്ഷം നടത്തുന്നതെന്നും ധര്‍മേന്ദ്ര പ്രധാൻ എക്സ് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

"കുട്ടികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കുന്നു"; രാഹുൽ ഗാന്ധിക്കെതിരെ ധര്‍മേന്ദ്ര പ്രധാനും ജിതേന്ദ്ര സിങ്ങും
'ജനാധിപത്യരാജ്യത്ത് ഇനിയും പ്രതിഷേധിക്കും'; സമരം കടുക്കുന്നു, രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു

സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ തന്നെയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും നിയോഗിച്ചിരുന്നുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും വ്യക്തമാക്കി. എന്നാല്‍ രാഹുല്‍ ഗാന്ധി പെട്ടെന്നുതന്നെ നിലപാട് മാറ്റി. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചാല്‍ സമരം അവസാനിപ്പിക്കാം എന്നായിരുന്നു രാഹുല്‍ ഗാന്ധി ആദ്യം പറഞ്ഞത്. സർക്കാരിന്റെ ഉന്നത നേതൃത്വവുമായി ചർച്ച നടത്തിയ ശേഷം പാർലമെന്റിൽ നീറ്റ് വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചപ്പോൾ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി ആവശ്യപ്പെട്ട് രാഹുൽ പുതിയ നിബന്ധന മുന്നോട്ടുവെച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ നൽകിയ വാക്കിൽ നിന്ന് പിന്നോട്ടുപോകുന്നത് ദൗർഭാഗ്യകരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് മന്ത്രി പറഞ്ഞു.

"കുട്ടികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കുന്നു"; രാഹുൽ ഗാന്ധിക്കെതിരെ ധര്‍മേന്ദ്ര പ്രധാനും ജിതേന്ദ്ര സിങ്ങും
"രാജ്യത്തിന്റെ ഭാവിയായ കുട്ടികളെ കേള്‍ക്കുന്നതില്‍ എന്താണ് പ്രശ്നം?"; പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം കനക്കും

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചതിനെയും അദ്ദേഹം വിമർശിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സമരം നടത്താൻ അനുയോജ്യമായ സ്ഥലമല്ല പ്രധാനമന്ത്രിയുടെ വസതിയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, "അത് തന്റെ തീരുമാനമാണ്" എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടിയെന്നും ജിതേന്ദ്ര സിങ് ആരോപിച്ചു. നീറ്റ് വിഷയത്തിൽ പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് സർക്കാർ പൂർണ സജ്ജമാണ്. എന്നാൽ ഇതുവരെ ചട്ടപ്രകാരമുള്ള നോട്ടീസ് പോലും കോൺഗ്രസ് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എക്സ് പോസ്റ്റിലായിരുന്നു ആരോപണങ്ങള്‍.

News Malayalam 24x7
newsmalayalam.com