യുപി: നേപ്പാളിലെ ജെൻ-സി പ്രക്ഷോഭത്തിൽ മാതാവ് മരണപ്പെട്ടതിൽ പ്രതികരിച്ച് ഗാസിയാബാദ് സ്വദേശിനി രാജേഷ് ഗോളയുടെ മകൻ. മാതാപിതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ അക്രമാസക്തരായ പ്രതിഷേധക്കാർ കത്തിച്ചുവെന്ന് രാജേഷ് ഗോള (55) യുടെയും രാംവീർ സിങ് ഗോള (58) യുടെയും മകൻ വിശാൽ പ്രതികരിച്ചു. എംബസിയിൽ നിന്ന് മാതാപിതാക്കൾക്ക് വളരെ കുറഞ്ഞ പിന്തുണ മാത്രമാണ് ലഭിച്ചത്. പ്രാദേശിക രക്ഷാപ്രവർത്തകർ വളരെ വൈകിയാണ് എത്തിയതെന്നും കുടുംബം ആരോപിച്ചു.
മാതാപിതാക്കൾ വീഡിയോ കോൾ ചെയ്ത് കാഠ്മണ്ഡുവിലെ മനോഹരകാഴ്ചകൾ കാണിച്ചുതന്നിരുന്നു. എന്നാൽ, സെപ്റ്റംബർ ഒൻപതിനാണ് പ്രശ്നങ്ങളുണ്ടായത്. പ്രതിഷേധക്കാർ ഹോട്ടൽ വളയുകയും തീയിടുകയും ചെയ്തു. പടിക്കെട്ടുകൾ പുക കൊണ്ട് നിറഞ്ഞപ്പോൾ, അച്ഛൻ ജനൽച്ചില്ല് തകർത്ത്, ഷീറ്റുകൾ കെട്ടി, ഒരു മെത്തയിലേക്ക് ചാടി. എന്നാൽ, അമ്മ താഴേക്ക് ചാടാൻ ശ്രമിക്കുന്നതിനിടെ വഴുതി വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്നും മകൻ പറയുന്നു.
രണ്ട് ദിവസത്തോളം അവരുടെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഒടുവിൽ, അച്ഛനെ ഒരു ദുരിതാശ്വാസ ക്യാമ്പിൽ കണ്ടെത്തി, പക്ഷേ അമ്മ ആശുപത്രിയിൽ വച്ച് മരിച്ചു. എംബസിയുടെ പിന്തുണ വളരെ കുറവായിരുന്നു, പ്രാദേശിക രക്ഷാപ്രവർത്തനം വളരെ വൈകിയാണ് എത്തിയതെന്നും മകൻ ആരോപിച്ചു. സെപ്റ്റംബർ ഏഴിനാണ് പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കുന്നതിനായി രാജേഷ് ഗോളയും ഭർത്താവ് രാംവീർ സിങ് ഗോളയും കാഠ്മണ്ഡുവിൽ എത്തിയത്.