ഛത്തീസ്‍ഗഡിലെ കന്യാസ്ത്രീകൾക്ക് ഒപ്പമുള്ള പെൺകുട്ടികളെ മർദിച്ചതിൽ നിയമ വൃവസ്ഥയെ വെല്ലുവിളിച്ച് ബജ്റംഗ്‌ദൾ നേതാവ് ജ്യോതി ശർമ. ഹിന്ദുത്വയ്ക്ക് വേണ്ടി പ്രവർത്തിച്ച തനിക്ക് എതിരെ എഫ്ഐആർ ഇടാൻ ധൈര്യമുണ്ടോ. കേസെടുത്താൽ സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യമാകും. മലയാള മാധ്യമങ്ങൾ ഛത്തീസ്‍ഗഡിനെ അപമാനിച്ചെന്നും ജ്യോതി ശർമ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ജ്യോതി ശർമയിൽ നിന്ന് ക്രൂരമർദനം നേരിട്ടെന്ന് ഛത്തീസ്ഗഡിൽ അറസ്റ്റിലാകുമ്പോൾ മലയാളി കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന പെൺകുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ടിക്കറ്റ് കെെകവശമില്ലെന്ന് പറഞ്ഞാണ് ആദ്യം ടിടിഇ പിടിച്ചത്. ഫെെനടച്ചതിന് പിന്നാലെ ബജ്രംഗ്ദള്‍ പ്രവർത്തകരെത്തി കെെയ്യേറ്റം ചെയ്തു. തുടർന്ന് റെയില്‍വേ പൊലീസെത്തി കന്യാസ്ത്രീകളെ ഒരു മുറിയിലും തങ്ങളെ മറ്റൊന്നിലേക്കും മാറ്റി. മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിക്കുമ്പോൾ പൊലീസ് നോക്കിനിന്നു. റെയില്‍വേ പൊലീസ് നിർബന്ധിച്ചാണ് മൊഴി മാറ്റിയതെന്നും ഇത് വീഡിയോയില്‍ പകർത്തിയെന്നും കമലേശ്വരി പ്രധാന്‍ പ്രതികരിച്ചിരുന്നു.
അഞ്ചു വർഷത്തിലേറെയായി ക്രിസ്തുമത വിശ്വാസിയാണ് തങ്ങളെന്നും കമലേശ്വരി പ്രധാന്‍ പ്രതികരിച്ചു. മാതാപിതാക്കളുടെ അറിവോടെയാണ് ആഗ്രയ്ക്ക് പോയത്. അമ്മയാണ് പെെസ തന്നു വിട്ടത്. പൊലീസിന് നല്‍കിയ പരാതിയില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും അവർ പ്രതികരിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പൊലീസ് വാദം തെറ്റെന്ന് പെൺകുട്ടികളുടെ കുടുംബവും പ്രതികരിച്ചിരുന്നു. തങ്ങളുടെ സമ്മതപ്രകാരമാണ് കമലേശ്വരി പ്രധാൻ കന്യാസ്ത്രീകൾക്കൊപ്പം ആഗ്രക്ക് പോയതെന്ന് കുടുംബം ന്യൂസ് മലയാളത്തോട് പറഞ്ഞു. എണ്ണായിരം രൂപ മാസശമ്പളത്തിന് പാചകത്തൊഴിലാളി ആയിട്ടാണ് ജോലിക്ക് പോയതെന്നും കുടുംബം പറഞ്ഞു.