

ആഗ്ര:താജ് മഹല്‍ സന്ദർശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകളും മരുമകനും. ഇന്ത്യയില്‍ സ്വകാര്യ സന്ദർശനത്തിലുള്ള ടിഫാനി ട്രംപും, പങ്കാളി മൈക്കൽ ബൗലോസും താജ് മഹല്‍ ചുറ്റികാണുകയും,ലോകാത്ഭുതത്തിന് മുന്നില്‍ നിന്ന് ചിത്രങ്ങളെടുക്കുകയും ചെയ്തു. രാവിലെ 11 മണിയോടെയാണ് ഇവർ സുഹൃത്തുക്കളോടൊപ്പം താജ് മഹൽ കാണാൻ എത്തിയത്.
ചാർട്ടേഡ് വിമാനത്തിൽ ആഗ്രയിൽ എത്തിയ ദമ്പതികൾക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.കഴിഞ്ഞദിവസം ഡല്‍ഹിയിലെ അക്ഷർധാം ക്ഷേത്രവും ദമ്പതികള്‍ സന്ദർശിച്ചിരുന്നു. "അവിശ്വസനീയമായ അനുഭവം." എന്നാണ് ടിഫാനി അക്ഷർധാമിനെക്കുറിച്ച് എക്സിൽ എഴുതിയത്.
രാജസ്ഥാനിലെ ജയ്‌സാൽമീർ ആണ് ഇരുവരുടെയും അടുത്ത ലക്ഷ്യം. ട്രംപിന്റെയും, രണ്ടാം ഭാര്യ മാർള മേപ്പിള്‍സിന്റെയും ഏകമകളാണ് ടിഫനി ട്രംപ്. 2022 ലായിരുന്നു അമേരിക്കൻ-ലെബനീസ് വ്യവസായിയായ മൈക്കൽ ബൗലോസുമായുള്ള ടിഫാനിയുടെ വിവാഹം.