ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയിൽ നിന്നും എഡിസൺ സമ്പാദിച്ചത് പത്തു കോടിയിലേറെ രൂപയെന്ന് കണ്ടെത്തൽ. എഡിസൻ്റെ 10 ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. മൂവാറ്റുപുഴയിൽ നിർമിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ ലഹരിപ്പണം വിനിയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
എഡിസൻ്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന കാര്യവും അന്വേഷണസംഘം പുറത്തുവിടുന്നുണ്ട്. നാളെ നാലു പ്രതികളെയും കസ്റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.
മെക്കാനിക്കൽ എഞ്ചിനീയറായി യുഎസിൽ ജോലി ചെയ്യുന്ന സമയത്താണ് എഡിസൺ ലഹരി ഇടപാടുകാരെ പരിചയപ്പെട്ടത്. 1000 ത്തിലധികം ലഹരി ഇടപാടുകളാണ് എഡിസൺ രണ്ടു വർഷത്തിനിടെ നടത്തിയത്. എഡിസൺൻ്റെ ലഹരി ഇടപാടിൽ അരുൺ തോമസിന് നേരിട്ട് പങ്കുണ്ടെന്നും വിദേശത്തുനിന്നും പാഴ്‌സൽ വരുന്ന ലഹരിവസ്തുക്കൾ വാങ്ങി വിതരണം ചെയ്തത് അരുൺ തോമസാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 847 എല്‍എസ്ഡി ബ്ലോട്ടുകളും 131.66 ഗ്രാം കെറ്റാമിനും പിടികൂടിയത്. ജൂൺ 1 നാണ് ഡാർക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരനായ എഡിസണെ എന്‍സിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്.