ബെംഗളൂരു: അഡുഗോഡിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം. എട്ടുവയസുകാരനായ മുബാറക്ക് ആണ് അപകടത്തിൽ മരിച്ചത്. മുബാറക്കിൻ്റെ സഹോദരിയും അമ്മയും ഉൾപ്പെടെ ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. അഡുഗോഡിയിലെ ചിന്നയ്യനപാളയയിലായാണ് സംഭവം. സ്ഫോടനം നടന്ന് മിനുറ്റുകൾക്കകം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. സ്ഫോടനത്തിന്റെ ശക്തിയിൽ കുറഞ്ഞത് 10 വീടുകളെങ്കിലും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ സഞ്ജയ് ഗാന്ധി, വിക്ടോറിയ ആശുപത്രി, വിൽസൺ ഗാർഡനിലെ മറ്റൊരു സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 35 കാരിയായ കസ്തൂരമ്മയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടത്തിന് കാരണമെന്നും, അപകടത്തിൽ ഒരു ആൺകുട്ടി മരിച്ചെന്നും സ്ഥലം സന്ദർശിച്ച ചിക്പേട്ട് നിയമസഭാ മണ്ഡലം എംഎൽഎ ഉദയ് ഗരുഡാച്ചർ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.