
വോട്ട് ചോരിയിൽ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ ഉചിതമായ സമയത്ത് ഉന്നയിക്കണമായിരുന്നു.അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നല്‍കാറുണ്ട്. ഡ്രാഫ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം എതിർപ്പുകള്‍ അറിയിക്കാന്‍ ഒരു മാസത്തെ സാവകാശം അനുവദിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ചില പാർട്ടികളും അവരുടെ ബൂത്ത് ഏജന്‍റുമാരും വേണ്ട സമയത്ത് പരിശോധന നടത്തിയില്ലായിരിക്കാം എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രസ്താവന.
നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്തസമ്മേളനം വിളിപ്പിച്ചിട്ടുണ്ട്. വിവാദങ്ങൾ തുടങ്ങി ഒമ്പതാം ദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്തസമ്മേളനം. കർണാടകയിലെ മഹാദേവപുരയിലെ ലക്ഷക്കണക്കിന് വോട്ട് അട്ടിമറിയുടെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാഹുൽ ഗാന്ധിക്ക് രാജ്യവ്യാപകമായി വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്യവ്യാപകമായി റാലി പ്രഖ്യാപിക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലടക്കം രാഹുൽ ഉയർത്തിയ വോട്ട് ചേരിക്ക് വലിയ പിന്തുണ ലഭിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്തസമ്മേളനം. നാളെ ബീഹാർ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും.
തൃശൂർ പാർലമെൻറ് തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ക്രമക്കേടിൽ ടി എൻ പ്രതാപനും തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകി. പരാതിയെ കുറിച്ചുള്ള വിശദാംശങ്ങളും തെളിവുകളും രേഖാമൂലം ഒപ്പിട്ട് കൈമാറാൻ നിർദേത്തിൽ പറയുന്നു. കമ്മീഷൻ്റെ നിർദേശം പാലിച്ചാൽ തുടർനടപടികൾ സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. എന്നാൽ സത്യവാങ്മൂലം ഒപ്പിട്ട് നൽകില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ടി.എൻ.പ്രതാപൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. രാഹുൽഗാന്ധിക്ക് ലഭിച്ചതിന് സമാനമായ മറുപടിയാണ് തനിക്കും ലഭിച്ചത്. സത്യവാങ്മൂലം ഒപ്പിട്ട് നൽകിയാൽ പരാതിയിൽ കഴമ്പില്ലെന്നു പറഞ്ഞു അവസാനിപ്പിക്കുകയായിരിക്കും കമ്മീഷന്റെ അടുത്ത നടപടിയെന്നും പ്രതാപൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.