

ഡൽഹി: എപ്‌സ്റ്റീൻ ഫയൽസുമായി ബന്ധപ്പെടുത്തി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ കോമാളിത്തരമാണെന്നും അടിസ്ഥാനരഹിതമെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. യുവനേതാവ് നടത്തുന്ന കോമാളിത്തരത്തിന് എൻ്റർടെയ്ൻമെൻ്റ് വാല്യൂ മാത്രമേയുള്ളൂവെന്നും അതിൽ സത്യമൊന്നുമില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, ജെഫ്രി എപ്സ്റ്റീനെ താൻ കണ്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി സമ്മതിച്ചു. പീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാണ് കണ്ടത്. താൻ ഒമ്പത് വർഷം ന്യൂയോർക്കിൽ ഉണ്ടായിരുന്നുവെന്നും ഹർദീപ് സിങ് പുരി മാധ്യമങ്ങളോട് പറഞ്ഞു.
രാഹുൽ ഗാന്ധിയെ പേരെടുത്ത് പരാമർശിക്കാതെയും പരിഹസിച്ചും കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. രാജ്യത്ത് രണ്ട് തരം നേതാക്കളാണുള്ളത്. ഒന്ന് രാജ്യത്തിനായി രാഷ്ട്രീയ വ്യവസ്ഥയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് സാമൂഹിക സേവനത്തിനായി ജീവിതം സമർപ്പിക്കുന്നവർ. രണ്ടാമത്തെ കൂട്ടർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ വേണ്ടി മാത്രം ഇടയ്ക്കിടെ രാജ്യത്തേക്ക് വരുന്ന നേതാക്കളാണെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
"ഇന്ന് പാർലമെൻ്റിന് മുന്നിൽ ചില കാര്യങ്ങൾ അവതരിപ്പിച്ച ഒരു യുവനേതാവ് നമുക്കുണ്ട്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരു ശീലം അദ്ദേഹത്തിനുണ്ട്. നമ്മുടെ രാജ്യത്ത് രണ്ട് തരത്തിലുള്ള നേതാക്കളുണ്ട്. രാഷ്ട്രീയ വ്യവസ്ഥയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് സാമൂഹിക സേവനത്തിനായി ജീവിതം സമർപ്പിക്കുന്നവർ, രാജ്യത്തെ പരിവർത്തനം ചെയ്യുന്നവർ, ജീവിതകാലത്ത് രാജ്യം പത്താമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നുവെന്ന് ഉറപ്പാക്കി ജീവിതം സമർപ്പിക്കുന്നവർ," ഹർദീപ് സിംഗ് പുരി കൂട്ടിച്ചേർത്തു.
രണ്ടാമത്തേത് ഇടയ്ക്കിടെ രാജ്യത്തേക്ക് വരുന്ന മറ്റ് നേതാക്കളാണ്. അവർ പാർലമെൻ്റിൽ വരുമ്പോൾ ആരെങ്കിലും അവർക്ക് കാര്യമായ മറുപടി നൽകുകയും അവരുടെ വാക്കുകൾ കേൾക്കാതിരിക്കുകയും ചെയ്യുമ്പോൾ അവർ സഭയിൽ നിന്ന് ഇറങ്ങിപ്പോവുന്നു. ഇന്ന് സ്വന്തം പ്രസംഗത്തിന് ശേഷം അദ്ദേഹം പോയി," രാഹുൽ ഗാന്ധിയെ വിമർശിച്ച് കൊണ്ട് ഹർദീപ് സിംഗ് പുരി പറഞ്ഞു.