

കൊൽക്കത്ത: മമത ബാനർജിയെ കൂടുതൽ പ്രതിസന്ധിയിലാക്കി യഥാർത്ഥ തൃണമൂൽ എന്ന അവകാശവാദവുമായി കക്കോലി ഘോഷിന്റെ നേതൃത്വത്തിലുള്ള വിമത എംപിമാർ മുന്നോട്ട് പോകുകയാണ്. രണ്ടു എംപിമാർ കൂടി പിന്തുണ അറിയിച്ചതോടെ ഇരുപത്തിരണ്ടു എംപിമാർ ഒപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം. വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമം അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടില്ല.
രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയിലൂടെ കടന്നു പോകുകയാണ് മമത ബാനർജി. എംഎൽഎമാർക്ക് പിന്നാലെ എംപിമാർ കൂടി വിമത നീക്കം നടത്തിയതോടെ പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. വിമതരുമായി ഫോണിൽ സംസാരിച്ചെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടിലാണ് എംപിമാർ. പലരും മമതയ്ക്കെതിരെ പരസ്യ വിമർശനവും ഉന്നയിച്ചു. മമത ഒരുപാടു മാറിപ്പോയെന്ന് ലോക്‌സഭാംഗം ശതാബ്‌ദി റോയ് തുറന്നടിച്ചു.എംപിമാർ ഉൾപ്പെടെയുള്ളവരുടെ വാക്കുകൾക്ക് വില കൊടുക്കാത്തത് കൊണ്ടാണ് പാർട്ടി വിടുന്നതെന്നും നേതൃത്വം വ്യാപകമായ അഴിമതിക്ക് കൂട്ടുനിൽക്കുന്നുന്നുവെന്നും ശതാബ്‌ദി റോയ് ആരോപിച്ചു.
വിമത നീക്കത്തിനിടെ മാധ്യമങ്ങളെ കണ്ട മമതയുടെ വിശ്വസ്തനായ കല്യാൺ ബാർജി കൂറുമാറ്റ നിരോധന നിയമം മറികടക്കാനുള്ള അംഗബലം വിമതർക്ക് ഇല്ലെന്നും വിമതർ രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അവാകാശപ്പെട്ടു. ഇതിനിടെ വിമത എംപിമാരായ ജൂൺ മാലിയയും ദേബ് അധികാരിയും മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തു. വിമത നീക്കത്തിനിടെ പ്രതിപക്ഷ നേതാവിനെ തെരെഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടു സ്‌പീക്കർക്ക് നൽകിയ കത്തിലെ ഒപ്പുകൾ വ്യജമാണെന്ന പരാതിയിലും അന്വേഷണം ശക്തമാകുകയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ.
അതിനിടെ വ്യാജ ഒപ്പു കേസിൽ മമതയുടെ വീടിനോടു ചേർന്നുള്ള പാർട്ടി ഓഫീസിൽ പരിശോധന നടത്തി സിഐഡിയും അന്വേഷണം വ്യാപിപ്പിക്കുകയാണ്. കാളിഘട്ടിലെ മമതയുടെ വീടിനോടു ചേർന്നുള്ള പാർട്ടി ഓഫീസിൽ സിഐഡി സംഘം പരിശോധന നടത്തി. വിമത നീക്കത്തിന് തുടക്കമിട്ട ഋതബ്രത ബാനർജിയുടെ പരാതിയിലാണ് സിഐഡി നടപടി. പ്രതിസന്ധിക്കിടെ ജൻപഥ് റോഡിലെ പത്താം നമ്പർ വസതിയിലെത്തിയ മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.ഒരു മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചയിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു മുന്നോട്ടുപോകണമെന്ന നിലപാടാണ് ഇരുവരും പങ്കുവച്ചത്.