
സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് ദേശീയ തലത്തിലേക്ക് ശ്രദ്ധയൂന്നുമ്പോഴാണ് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അപ്രതീക്ഷിത വേർപാട്. രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടങ്ങളില്‍ ഒന്നിലാണ് ഗുജറാത്തിലെ ബിജെപിയുടെ ട്രബിൾ ഷൂട്ടറായിരുന്ന നേതാവ് വിടവാങ്ങിയത്. അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യാ വിമാനാപകടത്തില്‍ വിജയ് രൂപാണി ഉള്‍പ്പെടെ 241 പേരാണ് മരിച്ചത്.
ആർഎസ്എസിന്റെ താഴെത്തട്ട് മുതൽ പ്രവർത്തിച്ചു വളർന്നുവന്ന നേതാവാണ് രൂപാണി. നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ പകരം ഗുജറാത്ത് മുഖ്യമന്ത്രിയായത് ആനന്ദിബെൻ പട്ടേൽ. ആനന്ദി പരാജയമെന്ന് വ്യാപക പ്രചാരണം വന്നപ്പോൾ ബിജെപി കണ്ടെത്തിയ അത്താണിയായിരുന്നു വിജയ് രൂപാണി. ആ സർക്കാരിന്റെ ശേഷിക്കുന്ന ഒരുവർഷം മുഖ്യമന്ത്രിയായിരുന്നുവെന്ന് മാത്രമല്ല വർധിച്ച ഭൂരിപക്ഷത്തോടെ വീണ്ടും പാർട്ടിയെ അധികാരത്തിലുമെത്തിച്ചു.
രൂപാണി എംഎൽഎയായതും ഇത്തരത്തില്‍ അപ്രതീക്ഷിതമായാണ്. രാജ്കോട്ട് വെസ്റ്റിൽ എംഎൽഎ ആയിരുന്ന വജുഭായി വാലാ രാജിവച്ചപ്പോൾ സീറ്റ് നിലനിർത്താൻ ബിജെപി നിയോഗിച്ചത് രൂപാണിയെയാണ്. വമ്പൻ ഭൂരിപക്ഷത്തോടെയായിരുന്നു അദ്ദേഹം വിജയിച്ചു കയറി. ആറുവർഷം രാജ്യസഭാ അംഗമായും പ്രവർത്തിച്ചു.
മ്യാൻമറിലായിരുന്നു വിജയ് രൂപാണിയുടെ ജനനം. അവിടുത്തെ രാഷ്ട്രീയ സംഘർഷങ്ങളും പട്ടാള അട്ടിമറികളും മൂലം കുടുംബം ഇന്ത്യയിലേക്കു പാലായനം ചെയ്തതോടെ വന്നെത്തിയത് ഗുജറാത്തിൽ. നന്നേ ചെറുപ്പത്തിൽ തന്നെ മൂത്ത സഹോദരന്മാരോടൊപ്പം ആർഎസ്എസിന്റെ ഭാഗമായി. പിതാവ് തുടങ്ങിയ രസിക് ലാൽ ആൻഡ് സൺസ് എന്ന വമ്പൻ വ്യാപാര സംരംഭത്തിൽ സഹോദരന്മാർക്കൊപ്പം പങ്കാളിയായി.
നിയമം പഠിച്ചെങ്കിലും രാഷ്ട്രീയത്തിലാണ് രൂപാണി പയറ്റിത്തെളിഞ്ഞത്. അടിയന്തരാവസ്ഥയിൽ 11 മാസം ജയിലിൽ കിടന്ന രൂപാണി ബിജെപി രൂപീകരിക്കുമ്പോൾ മുതൽ സംസ്ഥാന നേതൃസ്ഥാനത്തുണ്ട്. ഇളയമകൻ അപകടത്തിൽ മരിച്ചപ്പോൾ രൂപീകരിച്ച കാരുണ്യ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലാണ് രൂപാനി കഴിഞ്ഞ മാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.