

ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ കുറ്റക്കാരനെന്ന് അന്വേഷണ റിപ്പോർട്ട്. ലോക്സഭാ സ്പീക്കറുടെ നിർദേശപ്രകാരം രൂപീകരിച്ച പാർലമെൻ്റ് കമ്മിറ്റിയുടേതാണ് ഈ അന്വേഷണ റിപ്പോർട്ട്. യശ്വന്ത് ശർമയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ പണത്തിൻ്റെ സ്രോതസ്സ് വ്യക്തമാക്കാൻ ജസ്റ്റിസിന് കഴിഞ്ഞിട്ടില്ലെന്നും, വിശദീകരണം തൃപ്തികരമായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
സ്പീക്കറുടെ നിർദേശപ്രകാരം അന്വേഷണം നടത്തിയത് സുപ്രീം കോടതി ജസ്റ്റിസിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയായിരുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന യശ്വന്ത് വർമയുടെ ആരോപണം അന്വേഷണ സമിതി തള്ളി. ബുധനാഴ്ചയാണ് പാർലമെൻ്റ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്.
2025 മാർച്ച് 14ന് രാത്രിയാണ് ജസ്റ്റിസ് വർമയുടെ വീട്ടിൽ ചെറിയൊരു തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സ് എത്തി തീയണച്ചപ്പോഴാണ് സ്റ്റോർ റൂമിൽ നിന്നും കത്തിയ നിലയിലുള്ള 500 രൂപ നോട്ടുകൾ കണ്ടെത്തിയത്. ഡൽഹിയിലെ തുഗ്ലക്ക് ക്രസൻ്റ് 30 എന്ന വസതിയിൽ നിന്നാണ് കണക്കിൽപ്പെടാത്ത തുക കണ്ടെത്തിയത്. പണത്തിൻ്റെ ഉറവിടം എവിടെയാണെന്ന് വെളിപ്പെടുത്താൻ ജഡ്ജിക്ക് കഴിഞ്ഞില്ലെന്ന് പാർലമെൻ്റ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, അന്വേഷണ സംഘം നടത്തിയ പണത്തിൻ്റെ തെളിവ് ശേഖരണം ഫലപ്രദമായിരുന്നില്ല എന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. സ്റ്റോർ റൂമിനോട് ചേർന്നുണ്ടായിരുന്ന ജീവനക്കാരുടെ സാന്നിധ്യം കാരണമാണ് തെളിവ് നശിപ്പിക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.