കർണാടക: ബലാത്സംഗക്കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലാണ് പ്രജ്വൽ രേവണ്ണയ്ക്ക് ശിക്ഷ വിധിച്ചത്.
ഹാസൻ ജില്ലയിലെ ഹോളേനരസിപുര റൂറൽ പൊലീസ് സ്റ്റേഷനിൽ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ലഭിച്ച ലൈംഗികാതിക്രമ പരാതിയുമായി ബന്ധപ്പെട്ടാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
വീട്ടുജോലിക്കാരിയെ രേവണ്ണ ഫാം ഹൗസിൽ പൂട്ടിയിട്ട് നാല് വർഷത്തോളം തുടർച്ചയായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. കോവിഡ് കാലത്ത് വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനുപിന്നാലെ രേവണ്ണയും കൂട്ടാളികളും ക്രൂരപീഡനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) സൈബർ ക്രൈം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ, പരാതിക്കാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തുകയും ചെയ്തതായാണ് രേവണ്ണയ്ക്കെതിരായ ആരോപണം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി), 2008 ലെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട് എന്നിവയിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.