ഡല്‍ഹി: നോയിഡയില്‍ ഡെൻ്റൽ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് കുട്ടിയുടെ അമ്മാവൻ. മകളെ വർഷങ്ങളോളം യൂണിവേഴ്സിറ്റി അഡ്‌മിനിസ്ട്രേറ്റർ മാനസികമായി പീഡിപ്പിച്ചിരുന്നു. ഇതാണ് അവളെ മരണത്തിലേക്ക് തള്ളിവിട്ടത്. മകൾക്ക് നീതി ലഭിക്കണമെന്ന് പറഞ്ഞ അദ്ദേഹം സർവകലാശാലയുടെ ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.
"ഇവിടെ ഒരു സുരക്ഷയും ഇല്ല. ഞങ്ങളുടെ മകളുടെ മരണത്തിന് ഉത്തരവാദി. സർവകലാശാല മാനേജ്‌മെൻ്റാണ്. അവർ മകളെ മാനസികമായി പീഡിപ്പിച്ചു. നീതി നടപ്പാക്കണം, കുറ്റവാളികളെ പിടികൂടണം. ഒരഴ്ചക്കുള്ളിൽ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്"; പെൺകുട്ടിയുടെ അമ്മാവൻ എഎൻഐയോട് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
നിരന്തരമായ പീഡനം മൂലമാണ് തൻ്റെ സഹോദരി ഈ ക്രൂരത കാണിച്ചത് എന്ന് സഹോദരൻ ദേവേന്ദർ പറഞ്ഞു. ബാക്കിയുള്ള പ്രതികൾക്കെതിരെ ബന്ധപ്പെട്ട അധികാരികൾ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഫ്‌ഐആർ ഫയൽ ചെയ്തതിന് ശേഷം, ആത്മഹത്യാക്കുറിപ്പിൽ പേരുകൾ പരാമർശിച്ച ചില പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നിരുന്നാലും, 3-4 പ്രതികൾക്കെതിരെ നടപടിയെടുക്കാത്ത സാഹചര്യമുണ്ട്. എത്രയും വേഗം അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് നോയിഡയില്‍ ഡെന്റല്‍ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. ശാരദ സര്‍വകലാശാലയിലെ ബിഡിഎസ് വിദ്യാര്‍ഥിനിയായ ജ്യോതി ശര്‍മയെയാണ് മരിച്ചത്. ഇവരുടെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.
ആത്മഹത്യാ കുറിപ്പില്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരായ രണ്ടുപേരുടെ പേരുകളും പരാമർശിച്ചിട്ടുണ്ട്. കത്തില്‍ പ്രതിപാദിക്കുന്നവരെ കസ്റ്റഡിയിലെടുത്തതായി നോയിഡ എഡിസിപി സുധീര്‍ കുമാര്‍ അറിയിച്ചു. തൻ്റെ മരണത്തിന് കാരണം ഇവര്‍ രണ്ടു പേരുമാണെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. അവര്‍ തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പരിഹസിച്ചെന്നും കത്തില്‍ പരാമർശം ഉണ്ട്.
"അവര്‍ എന്നെ മാനസികമായി പീഡിപ്പിച്ചു, കളിയാക്കി. കുറേ നാളുകളായി ഇക്കാരണങ്ങളാല്‍ ഞാന്‍ സമ്മര്‍ദം അനുഭവിച്ച് വരികയായിരുന്നു. അവരും അതേ സമ്മര്‍ദ്ദം അനുഭവിക്കണം. സോറി, എനിക്ക് ഇങ്ങനെ ജീവിക്കാനാവില്ല", കുറിപ്പില്‍ പറയുന്നു. സംഭവത്തെ തുടർന്ന് യൂണിവേഴ്‌സിറ്റിക്കും അഡ്മിനിസ്‌ട്രേഷനുമെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)